വിഴിഞ്ഞം: പ്രതിഷേധസംഗമത്തിന് നാളെ തീരം വേദിയാകും
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം മേഖലയെ ഇളക്കിമറിച്ചുള്ള പ്രതിഷേധ സംഗമത്തിന് നാളെ തീരം വേദിയാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഞായറാഴ്ച മുല്ലൂരിലെ സമരപ്പന്തലിൽ ആയിരങ്ങൾ അണിചേരും.
ഈ മാസം പതിനാലിന് കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സംസ്ഥാന പ്രസിഡന്റ് ഷെറി തോമസ്, കെ.എൽ.സി.എ വൈസ് പ്രസിഡന്റ് ഫാ.തോമസ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനറാലി ഞായറാഴ്ച തലസ്ഥാന ജില്ലയിൽ പ്രവേശിക്കും.
അവിടെനിന്ന് ആറ്റിങ്ങൽ മുതൽ കോവളം വരെ പത്ത് സ്ഥലത്തെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം മൂന്നോടെ വിഴിഞ്ഞ മത്സ്യബന്ധനതുറമുഖത്ത് എത്തിച്ചേരും. നെയ്യാറ്റിൻകര രൂപതയിലെയും തിരുവനന്തപുരം അതിരൂപതയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള വൻ ജനാവലി പിന്തുണയുമായി കൂടിച്ചേരുന്നതോടെ ഇതൊരു ബഹുജന റാലിയായി മാറും.
ആർച്ച് ബിഷപ്പുമാരായ തോമസ് ജെ. നെറ്റോ, സൂസപാക്യം, സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, മോൺ. യൂജിൻ എച്ച്. പെരേര എന്നിവർ നയിക്കുന്ന മഹാറാലി അഞ്ചോടെ സമരപ്പന്തലിൽ എത്തിച്ചേരും.
അവിടെ നടക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ അവകാശങ്ങൾക്കായി പോരാടുന്ന കടലിന്റെ മക്കൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി അണിചേരുന്ന ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഗസ്റ്റ് പതിനാറിനാണ് മത്സ്യത്തൊഴിലാളികൾ അതിജീവന പോരാട്ടത്തിന് തുടക്കംകുറിച്ചത്.
നിരവധി പ്രതിസന്ധികൾ തരണംചെയ്ത് മുന്നേറിയ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക പ്രവർത്തകരും നേതാക്കളും പിന്തുണയുമായെത്തിയതോടെ പ്രതിഷേധത്തിന് ജനകീയ മുഖമുണ്ടായി.
കേരളം ഏറ്റെടുത്ത സമരത്തെ അധികൃതർ അവഗണിച്ചതോടെ സമര ശൈലിക്കും മാറ്റമുണ്ടായി. പ്രതിഷേധം നിരാഹാരസമരത്തിലേക്ക് വഴിമാറിയെങ്കിലും അധികൃതരുടെ കണ്ണ് തുറന്നില്ല.
രണ്ടാഴ്ച മുമ്പ് പിതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ നിരാഹാര സമരത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ബഹുജന മാർച്ചെന്ന് സമരനേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.