വിഴിഞ്ഞം സംഘർഷം: ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകൾ ചേർത്താണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.
തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെയാണ് ശനിയാഴ്ച വിഴിഞ്ഞത്ത് സംഘർഷമുണ്ടായത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.
നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വിഴിഞ്ഞത്ത് നിർമാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
തുറമുഖ നിർമാണത്തിന് കല്ലുമായി എത്തുന്ന ലോറികൾ തടയില്ലെന്ന് ലത്തീൻ അതിരൂപത ഹൈകോടതിയെ അറിയിച്ച് പിറ്റേദിവസമാണ് ലോറികൾ സമരക്കാർ തടഞ്ഞത്. രാവിലെ 10ഓടെ 20 ലോറികളാണ് മുല്ലൂരിൽ എത്തിയത്. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച് സമരക്കാർ ലോറികൾ തടഞ്ഞു. ഇതിനെതിരെ സമീപത്ത് സമരത്തിൽ ഏർപ്പെട്ടിരുന്ന ജനകീയ സമര സമിതി പ്രവർത്തകർ തിരിഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പിന്നീട് ഇരുചേരികളായി തിരിഞ്ഞുള്ള അക്രമങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.