വിഴിഞ്ഞം ക്രെഡിറ്റ് ആർക്ക്? കപ്പലടുത്തപ്പോൾ വിവാദത്തിര
text_fieldsതിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞത്ത് കണ്ടെയ്നറുകളുമായി കപ്പൽ അടുത്തതോടെ തുറമുഖം യഥാർഥ്യമാക്കുന്നതിന്റെ ‘ക്രെഡിറ്റ്’ ആർക്കെന്നതിനെച്ചൊല്ലി തർക്കം. കപ്പലിന് വെള്ളിയാഴ്ച നിശ്ചയിച്ച സ്വീകരണ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.
തുറമുഖം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച യു.ഡി.എഫ് സർക്കാറിന് ക്രെഡിറ്റ് പോകുമെന്ന് കരുതിയാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ശശി തരൂർ എം.പിയെയും എം.വിൻസെന്റ് എം.എൽ.എയെയും ക്ഷണിച്ചുവെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ തുറമുഖം കമീഷൻ ചെയ്യുമ്പോൾ ക്ഷണിക്കുമെന്നുമാണ് സർക്കാർ വിശദീകരണം.
‘ഓർമകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്’ എന്ന് ഫേസ്ബുക്കിൽ കുറിച്ച പ്രതിപക്ഷ നേതാവ് ‘എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാർഥ്യമാക്കുമെന്ന്’ 2015ൽ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചതിന്റെ വിഡിയോ പോസ്റ്റ് ചെയ്തു.
ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയതെന്നതടക്കമുള്ള ചരിത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കുന്നത്.
‘വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും യു.ഡി.എഫ് വിമർശിക്കുന്നു. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നല്കണമെന്ന ആവശ്യമുയർത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി രംഗത്തെത്തി.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം, ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ നിരന്തര ഇടപെടൽ വഴിയാണ് പ്രതിബന്ധങ്ങൾ കടന്ന് തുറമുഖം യാഥാർഥ്യമായതെന്ന വാദം ആവർത്തിക്കുകയാണ് ഇടതുപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.