വിഴിഞ്ഞം: സംയമനം പാലിക്കുന്നത് സംഘർഷം വ്യാപിപ്പിക്കാതിരിക്കാനെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: തീരദേശ മേഖലയിൽ സംഘർഷം വ്യാപിക്കാൻ സാധ്യതയുള്ളതിനാലാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുടെ പന്തൽ പൊളിക്കാതെ സംയമനം പാലിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. കോടതി ഉത്തരവ് ലംഘിച്ച് സമരക്കാർ നിർമാണം സ്തംഭിപ്പിക്കുന്നതിനെതിരെ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെങ്കിൽ കേന്ദ്ര സഹായം ആവശ്യപ്പെടണമെന്ന് അദാനി ഗ്രൂപ്.
കേന്ദ്രസേന വേണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടണമെന്ന് കേന്ദ്ര സർക്കാറും. തുറമുഖ നിർമാണം തടസ്സപ്പെടുത്തി സമരം നടത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാറുകാരും നൽകിയ ഹരജിയിലാണ് ബന്ധപ്പെട്ടവർ നിലപാടുകൾ അറിയിച്ചത്. അതേസമയം, നവംബർ ഏഴിനകം തുറമുഖ നിർമാണ സ്ഥലത്തേക്കുള്ള തടസ്സങ്ങൾ നീക്കണമെന്ന ഉത്തരവ് നടപ്പാകാത്തതിൽ ജസ്റ്റിസ് അനു ശിവരാമൻ അതൃപ്തി രേഖപ്പെടുത്തി.
തിങ്കളാഴ്ച ഹരജി പരിഗണിക്കവെ, സമരക്കാരുടെയും സർക്കാറിന്‍റെയും നടപടി കോടതിയലക്ഷ്യമാണെന്ന് ഹരജിക്കാർ വാദിച്ചു. നിർമാണ സ്ഥലത്തേക്ക് തൊഴിലാളികളെയും വാഹനങ്ങളെയും കടത്തിവിടുന്നില്ല. ആയിരക്കണക്കിനാളുകൾ നൂറിലധികം ദിവസമായി സമരത്തിന്‍റെ പേരിൽ അതിക്രമം തുടരുകയാണെന്ന് കുറ്റപ്പെടുത്തിയ ഹരജിക്കാർ തുടർന്നാണ് കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടത്. നവംബർ ഏഴിനകം തടസ്സങ്ങൾ നീക്കി നിർമാണം സുഗമമായ രീതിയിൽ നടക്കാൻ സൗകര്യമൊരുക്കണമെന്ന ഉത്തരവ് കഴിഞ്ഞയാഴ്ച കോടതി നൽകിയിരുന്നു.
ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനും സമരക്കാർക്കും ഇല്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാൽ, സംസ്ഥാനങ്ങളിൽ സങ്കീർണ സാഹചര്യങ്ങളുള്ളപ്പോഴാണ് കേന്ദ്ര സേന ഇടപെടുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം സാഹചര്യം നിലവിലുണ്ടെങ്കിൽ അക്കാര്യം വിശദമാക്കി എ.ഡി.ജി.പി ചെയർമാനായ പ്രത്യേക സമിതിയുടെ റിപ്പോർട്ട് സഹിതം സംസ്ഥാനം ആവശ്യപ്പെടണമെന്നും വ്യക്തമാക്കി.
ഗർഭിണികളും വയോധികരും അടക്കം സമരപ്പന്തലിൽ ഉള്ളതായി സംസ്ഥാന സർക്കാർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ ഇതുവഴി വന്നിട്ടില്ലെന്നും വ്യക്തമാക്കി. സമരക്കാർ നേരിടുന്ന പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയെങ്കിലും ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.