വിഴിഞ്ഞം: നടന്നത് ആസൂത്രിത ആക്രമണമെന്ന് പരിക്കേറ്റ എസ്.ഐ
text_fieldsതിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനുനേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്.ഐ ലിജോ പി.മണി. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമുണ്ടായില്ല. പരിസരത്തെ സി.സി.ടി.വി കാമറ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. സിമന്റ് കട്ട കൊണ്ടാണ് തന്റെ കാലിൽ ഇടിച്ചത്.
സംഘർഷത്തിൽ കാലിന് പരിക്കേറ്റിനെതുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലിജോ. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും തമ്മിലുള്ള ഏറ്റമുട്ടലിൽ അസിസ്റ്റന്റ് കമീഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
വിഴിഞ്ഞം ഗൂഢാലോചന ഗൗരവതരം -ഇ.പി. ജയരാജൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രകൃതിദത്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന തുറമുഖത്തിന്റെ നിർമാണ പ്രവര്‍ത്തനം ഏറെ മുന്നോട്ടുപോയശേഷം നിര്‍ത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് ഏറെ സംശയമുയര്‍ത്തുന്നതാണ്.
ലോകത്തിന്റെ ചരക്ക് ഗതാഗതത്തില്‍ തന്നെ നിര്‍ണായക പങ്ക് വഹിക്കാനാവുന്ന പദ്ധതി അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങളുണ്ടായിരുന്നു. അതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.