പദ്ധതിക്കായി വേദിയിലും അവകാശവാദങ്ങൾ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിൻ വഹിച്ചു വന്ന കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ അവകാശവാദങ്ങളുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ. ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍, കണ്ണൂര്‍ വിമാനത്താവളം, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പദ്ധതികള്‍ വിസ്മയിപ്പിക്കുന്ന വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്നുകൂടിയാണ് വിഴിഞ്ഞമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അവകാശപ്പെട്ടു.
1995 മുതലുള്ള സര്‍ക്കാറുകളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കൊണ്ടാണ് ഈ സ്വപ്നം പൂര്‍ത്തിയായത്. വിവിധ നേതാക്കൾ നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയും വിജയവുമാണ് ഈ ദിനം. ഇതിനായി പരിശ്രമിച്ച മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, കെ. കരുണാകരന്, ഉമ്മന്‍ചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെയും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ, അധ്യക്ഷപ്രസംഗത്തിൽ മാത്രമായി ഈ അനുസ്മരണം. ഞായറാഴ്ച പത്രങ്ങളിൽ നൽകിയ പരസ്യത്തിലോ നോട്ടീസുകളിലോ അവരുടെ പേരോ പടമോ ചേർത്തില്ല.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി, സ്ഥലം എം.എൽ.എ അഡ്വ. എം. വിൻസന്റ് എന്നീ കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ പരിശ്രമങ്ങളെ എടുത്തുപറഞ്ഞു. അദാനിയുമായി ഉമ്മൻ ചാണ്ടിയും അന്നത്തെ തുറമുഖ മന്ത്രി കെ. ബാബുവും ചർച്ച നടത്തിയത് ഇന്നത്തെ എൽ.ഡി.എഫ് സഹയാത്രികനും അന്നത്തെ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിന്റെ വസതിയിലാണെന്നായിരുന്നു അണിയറ വർത്തമാനം. കെ.വി. തോമസ് സദസ്സിലുണ്ടായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് വിഴിഞ്ഞത്തിന് പുതുജീവന്‍ െവച്ചതെന്ന് മറക്കരുതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വകാര്യവ്യവസായികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞത്താകെ അതതു പാർട്ടികൾ നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സുകൾ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.