വിഴിഞ്ഞത്തെ വൃക്ക വാണിഭം: കരാർ 12 ലക്ഷത്തിന്, ദാതാവിന് കിട്ടിയത് ഏഴുലക്ഷം
text_fieldsവിഴിഞ്ഞം: വിഴിഞ്ഞത്തെ വൃക്ക മാഫിയയിലെ ഏജൻറുമാർ ഒാരോ ഇടപാടിലും തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ. 2019ൽ മലപ്പുറം സ്വദേശിക്ക് വൃക്ക നൽകിയ വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനിയായ 37കാരിക്ക് ലഭിച്ചത് ഏഴുലക്ഷം രൂപയായിരുന്നു. പേക്ഷ, വൃക്ക സ്വീകരിച്ചയാളിൽ നിന്ന് ഏജൻറ് വാങ്ങിയത് 12 ലക്ഷം. അതായത് ഒറ്റ ഇടപാടിൽ മാത്രം ഏജൻറ് തട്ടിയത് അഞ്ചുലക്ഷം രൂപ.
സാമ്പത്തികബാധ്യത കാരണമാണ് വൃക്ക വിൽക്കാൻ യുവതി തീരുമാനിച്ചത്. വിഴിഞ്ഞത്ത് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയാണ് ഇവരോട് വൃക്ക വിറ്റാൽ പണം ലഭിക്കുമെന്ന് പറയുന്നത്. പിന്നീട് കാര്യങ്ങൾ നീക്കിയത് ഇവർ വഴിയാണ്. മലപ്പുറം സ്വദേശിയായ 42കാരനാണ് ഇവരുടെ വൃക്ക നൽകിയത്. ആരോഗ്യവകുപ്പിനെയും പൊലീസിനെയും വിശ്വസിപ്പിക്കാനുള്ള കഥയും ഏജൻറുമാർ തന്നെ പറഞ്ഞുകൊടുത്തു. ആറുവർഷമായി ഹോം നഴ്സായി മലപ്പുറത്ത് ജോലി ചെയ്യുകയാണെന്നും ആ വീട്ടിലെ ഗൃഹനാഥനാണ് വൃക്ക നൽകുന്നതെന്നുമാണ് വൃക്കദാനത്തിനുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്. ഏജൻറ് തയാറാക്കിയ തിരക്കഥയായിരുന്നു ഇത്.
വൃക്ക നൽകിയ യുവതിക്ക് ഏജൻറ് നൽകിയത് ഏഴുലക്ഷം രൂപയാണ്. അതിനുമുമ്പ് വൃക്ക നൽകുന്ന ആളെയും സ്വീകരിക്കുന്ന ആളെയും തമ്മിൽ കാണാൻ ഏജൻറ് അനുവദിച്ചില്ല. പണം നൽകി പേപ്പറുകൾ ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് പരസ്പരം കാണാൻ ഏജൻറ് അനുവദിച്ചത്. അപ്പോഴാണ് വൃക്ക സ്വീകരിക്കുന്നയാൾ ഏജൻറിന് 12 ലക്ഷം രൂപ നൽകിയ കാര്യം അറിയുന്നത്. തുടർന്ന് കൂടുതൽ തുക ഏജൻറിനോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായില്ല.
പത്ത് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. ഇതിനാലാണ് വൃക്ക നൽകാൻ തയാറായത്. ലഭിച്ച തുക കടങ്ങൾ തീർക്കാൻ മാത്രം ചെലവായി. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും ചികിത്സക്കുപോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു. പണം നൽകി വൃക്ക വാങ്ങാൻ ഒരുപാട് പേരുണ്ടെന്നാണ് ഏജൻറ് ഇവരോട് പറഞ്ഞിരിക്കുന്നത്.
ഈ മാഫിയയിൽ നിരവധിപേർ കണ്ണികളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. 10 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങുന്ന ഏജൻറുമാർ വൃക്ക നൽകുന്നവർക്ക് 8 ലക്ഷം രൂപവരെ മാത്രമാണ് നൽകുന്നത്. ബാക്കി കമീഷനാണ്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുകയാണ്.
തീരവാസികൾ അവയവം വരെ വിൽക്കേണ്ട അവസ്ഥയിൽ –എം. വിൻസെൻറ്
വിഴിഞ്ഞം: അവയവം വരെ വിൽക്കേണ്ട അവസ്ഥയിലാണ് തീരദേശത്തെ ജനങ്ങളെന്ന് എം. വിൻസെൻറ് എം.എൽ.എ. സർക്കാർ ഇവർക്കായി ആവിഷ്കരിച്ച സഹായങ്ങൾ യഥാസമയം ലഭ്യമായിരുെന്നങ്കിൽ ഇവർ വൃക്ക വിൽക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തില്ലായിരുന്നു. വീട് വെക്കാനും, മക്കളുടെ വിവാഹം, വിദ്യാഭ്യാസം, അല്ലെങ്കിൽ ചികിത്സ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് കടം വാങ്ങേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. ഇവരുടെ അവസ്ഥ ചൂഷണം ചെയുന്ന അവയവ മാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം.എൽ.എ പറഞ്ഞു. ഇതുസംബന്ധിച്ച് സർക്കാറിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയിലെ അവയവ മാഫിയയുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. ഇതിന് നേതൃത്വം നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.