വിഴിഞ്ഞം: മാർ ക്ലീമിസ് മുഖ്യമന്ത്രിയെ കണ്ടു; ഒത്തുതീർപ്പിന് ഗാന്ധിസ്മാരക നിധിയും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന് സമവായ നീക്കങ്ങൾ സജീവം. പല തലങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്. ചീഫ് സെക്രട്ടറിയും ലത്തീൻ സഭ നേതാക്കളുമായി ചർച്ചക്ക് മുൻകൈയെടുത്ത മലങ്കര സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി.
ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ചക്ക് നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിന് കോർ കമ്മിറ്റിയും രൂപവത്കരിച്ചതായാണ് വിവരം. ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാകും. സർക്കാറുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാർ ക്ലീമിസ് മുൻകൈയെടുത്താണ് ചീഫ് സെക്രട്ടറി വി. ജോയിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര എന്നിവർ പങ്കെടുത്തു. വൈകുന്നേരത്തോടെയാണ് കർദിനാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിലേക്ക് സമരസമിതി നിർദേശിക്കുന്ന ആളെക്കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദേശം പരിഗണനയിലുണ്ട്. സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും വ്യാപക അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാൻ സാധ്യതയില്ല. വിവാദങ്ങൾ ഒഴിവാക്കാൻ ചില കേസുകളിൽ പരസ്പര സമ്മതപ്രകാരമുള്ള അറസ്റ്റിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
എന്നാൽ, തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന തർക്കവിഷയത്തിൽ ധാരണയായിട്ടില്ല. അടുത്തഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലേക്കെത്തിക്കാനാണ് മധ്യസ്ഥനീക്കം. മാറാട് മാതൃകയിൽ സമരം ഒത്തുതീർപ്പാക്കാനാണ് ഗാന്ധി സ്മാരക നിധി നീക്കം. എന്നാൽ, പദ്ധതി പ്രവർത്തനം നിർത്തണമെന്ന് സമരസമിതിയും പദ്ധതിയുമായി മുന്നോട്ടെന്ന് ഉറച്ച് സർക്കാറും നിലപാട് സ്വീകരിച്ചിരിക്കെ സമവായം എങ്ങനെ ഉരുത്തിരിയുമെന്നത് പ്രശ്നമാണ്.
ആർച്ച് ബിഷപ്പും വികാരി ജനറലും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിൽ സമരസമിതിക്ക് കടുത്ത എതിർപ്പുണ്ട്. അദാനിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രസേനയെ വിളിക്കാൻ സർക്കാർ സമ്മതിച്ചതെന്നും കേരള പൊലീസിന് ക്രമസമാധാന പാലനത്തിന് കഴിയാത്തതിനാലാണ് ഇതെന്നും സമിതി കുറ്റപ്പെടുത്തുന്നു.
കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി പോർട്ട് -ആന്റണി രാജു
കൊച്ചി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി പോർട്ടാണെന്നും അതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട കാര്യമില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ പല വ്യവസായ സ്ഥാപനങ്ങൾക്കും വിമാനത്താവളങ്ങളടക്കമുള്ളവക്കും കേന്ദ്രസേനയുടെ സംരക്ഷണമുണ്ട്.
അത്തരത്തിൽ കമ്പനിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണെന്ന ധാരണയിലാകാം അദാനി ഗ്രൂപ്പും അങ്ങനെ ചെയ്തത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാറും കോടതിയുമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസംഗം വളച്ചൊടിച്ചതാണ്. ഒരു മന്ത്രിയും വിഴിഞ്ഞം സമരക്കാരെ തീവ്രവാദികൾ എന്ന് വിളിച്ചിട്ടില്ല. തന്റെ സഹോദരനെതിരായ ആക്ഷേപത്തിന് അദ്ദേഹംതന്നെ മറുപടി നൽകിയിട്ടുണ്ട്.
വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിന് എല്ലാ വഴികളും തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.