അതീവ ജാഗ്രതയിൽ വിഴിഞ്ഞം
text_fieldsവിഴിഞ്ഞം: ഞായറാഴ്ച നാലുമണിക്കൂർ നീണ്ട സംഘർഷങ്ങൾക്കുശേഷം തിങ്കളാഴ്ച വിഴിഞ്ഞം ശാന്തം. വീണ്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലും കനത്ത പൊലീസ് കാവലിലുമാണ് പ്രദേശം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് എറണാകുളം, ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളിൽനിന്നായി അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്നലെ രാവിലെയോടെ വിഴിഞ്ഞത്തെത്തി. അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരെയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയശേഷം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപനശാലകളുടെ പ്രവർത്തനം ഡിസംബർ നാലുവരെ നിരോധിച്ചു. ഞായറാഴ്ച രാത്രി പ്രതിഷേധക്കാർ റോഡുകളിൽ കൊണ്ടിറക്കിയ വള്ളങ്ങൾ നീക്കാത്തതിനെതുടർന്ന് വിഴിഞ്ഞത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകി.
സംഭവങ്ങളുടെ തുടക്കമിങ്ങനെ:
ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ അന്വേഷിച്ച് വൈകീട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരെ നേരത്തേയുള്ള കേസുകളിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമെത്തിയവർ സന്ദേശങ്ങൾ പ്രചരിപ്പിച്ചതോടെയാണ് കാര്യങ്ങൾ പൊലീസിന്റെ കൈയിൽനിന്ന് വഴുതിയത്. 3000ത്തോളം പ്രതിഷേധക്കാർ സ്റ്റേഷൻ വളഞ്ഞു. ആദ്യഘട്ടത്തിൽ കല്ലേറാണ് നടന്നതെങ്കിൽ തുടർന്ന് ആക്രമണത്തിന്റെ രൂപം മാറി. സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് കോൺക്രീറ്റ് ചെയ്യാനുള്ള തട്ട് നിർമിക്കാൻ കൊണ്ടുവന്ന നീളമുള്ള തടിത്തൂണുകൾ എടുത്തുകൊണ്ടുവന്ന് പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലീസുകാരടക്കം അകത്തുകയറി ഒളിച്ചു. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നാല് ജീപ്പുകളും അടിച്ചുതകർത്തു. ചെടിച്ചട്ടികളെടുത്ത് പൊലീസ് ജീപ്പിന്റെ ഗ്ലാസിലേക്ക് എറിഞ്ഞു. സമീപത്തു നിന്നെടുത്ത ഹോളോബ്രിക്സുകളും ഇരുമ്പ് കമ്പികളടക്കമുള്ളവയും ഉപയോഗിച്ച് വാഹനങ്ങൾ തകർത്തു. സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ തടയാൻ കെട്ടിടത്തിന്റെ ഗ്രിൽ അടച്ചുപൂട്ടി പൊലീസുകാർ ഉള്ളിൽ നിലയുറപ്പിച്ചു. സമരാനുകൂലികൾ കല്ലുകളും കട്ടയും വാരി ഗ്രില്ലിലേക്ക് എറിഞ്ഞതോടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
തുടർന്ന് പൂട്ട് പൊളിച്ചാണ് ഇവർ ഉള്ളിൽ പ്രവേശിച്ചത്. വയർലെസ് സെറ്റും സി.സി ടി.വി കാമറകളും തകർത്തു. കല്ലേറിലാണ് വിഴിഞ്ഞം എസ്.ഐ ലിജു പി. മണിയുടെ (45) വലതുകാൽ ഒടിഞ്ഞത്. സംഘർഷം കൈവിട്ടുപോയപ്പോൾ സമീപ സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെ എത്തിച്ചെങ്കിലും നിർദേശം ലഭിക്കാത്തതിനാൽ അക്രമം കണ്ടുനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻപോലും സമ്മതിക്കാതായതോടെയാണ് രാത്രി ഒമ്പതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചത്. ഗ്രനേഡ്, കണ്ണീർവാതകം തുടങ്ങിയവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്. നാലുമണിക്കൂറോളം വിഴിഞ്ഞം സ്റ്റേഷനുള്ളിൽ ബന്ദികളാക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ഇതിനുശേഷമാണ് പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്.ഐ ലിജു പി. മണി എന്നിവർക്കും സാരമായ പരിക്കുണ്ട്. നില ഗുരുതരമായി തുടരുകയാണ്. കാലിന് ഗുരുതര പരിക്കേറ്റ ലിജു മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.