വിഴിഞ്ഞം കരാർ സർക്കാർ താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് കമീഷൻ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാർ സർക്കാർ താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് അന്വേഷണ കമീഷൻ. പദ്ധതിക്ക് വായ്പ പണം കണ്ടെത്തുന്നതിന് സർക്കാർ ഭൂമി പണയപ്പെടുത്താൻ കമ്പനിക്ക് അധികാരം നൽകിയത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും ബുധനാഴ്ചത്തെ സിറ്റിങ്ങിനിടെ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് പണയംവെക്കുന്നത്. കമ്പനി ആവശ്യപ്പെടുന്ന ബാങ്കിലേക്ക് പണയാധാരം എഴുതിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. കമ്പനി വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന് പണയഭൂമി പിടിച്ചെടുത്ത് മുതൽക്കൂട്ടാം. പണയാധാരത്തെക്കുറിച്ച് തർക്കമുണ്ടായാൽ ആർബിട്രേറ്ററെ സമീപിക്കാമെന്നാണ് കരാർ. വ്യവസ്ഥകൾ ഭാവിയിൽ തർക്കത്തിനോ കോടതി ഇടപെടലിനോ കാരണമായേക്കാമെന്നാണ് കമീഷൻ നിരീക്ഷണം.
അതേസമയം, ആശങ്കക്ക് കാരണമില്ലെന്ന് അദാനി ഗ്രൂപ് മുൻ സി.ഇ.ഒ സന്തോഷ് മഹാപത്ര വാദിച്ചു. തുറമുഖം, വിമാനത്താവളം പോലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് സർക്കാർ ഭൂമി ഏറ്റെടുത്തുനൽകുമ്പോഴുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കരാർ ചിട്ടപ്പെടുത്തിയവർക്ക് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ നിശ്ചയമുണ്ടായിരുന്നെന്നും അതിനാലാണ് അവർ ആർബിട്രേറ്ററുടെ തലയിൽ കെട്ടിവെച്ചതെന്നും കമീഷൻ അഭിപ്രായപ്പെട്ടു. തുടർന്ന്, പണയാധാരം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന മഹാപത്രയുടെ അഭ്യർഥന കമീഷൻ അനുവദിച്ചു. സി.എ.ജി റിപ്പോർട്ടിലെ പാളിച്ചകളെ വിമർശിച്ച കമീഷൻ, സർക്കാറിെൻറ സാമ്പത്തിക നയങ്ങളിൽ ഇടപെടാൻ സി.എ.ജിക്ക് അധികാരമില്ലെന്നും അഭിപ്രായപ്പെട്ടു. പ്രവൃത്തി ചെലവ് ഉൾപ്പെടുന്നതാണ് കരാർ ഏറ്റെടുത്ത കമ്പനിക്കുള്ള വരുമാന വിഹിതം. എന്നാൽ, സർക്കാറിന് അത്തരം ചെലവുകളില്ല.
ഈ സാഹചര്യത്തിൽ പദ്ധതിയുടെ ധനപരവും സാമ്പത്തികപരവുമായ ആശാസ്യതയെക്കുറിച്ച് എന്തടിസ്ഥാനത്തിലാണ് സി.എ.ജി താരതമ്യം നടത്തിയത്?, 40 വർഷത്തിനുശേഷമുള്ള കാര്യം അപ്രവചനീയമായ സാഹചര്യത്തിൽ കരാർ അവസാനിപ്പിക്കുമ്പോഴുള്ള ടെർമിനേഷൻ പേമെൻറ് തുക സി.എ.ജി തിട്ടപ്പെടുത്തിയത് എങ്ങനെയാണ്?, വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്ന കേന്ദ്രത്തിനും പദ്ധതിയിൽ തുല്യപങ്കുണ്ടെന്നിരിേക്ക, ഇക്കാര്യത്തിൽ സി.എ.ജി എന്തുകൊണ്ട് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചില്ല? തുടങ്ങിയ ചോദ്യങ്ങളും കമീഷൻ ഉയർത്തി. കേരളത്തിൽ ബൃഹദ് പദ്ധതികൾ ഏറ്റെടുക്കാൻ യോഗ്യരായ കോൺട്രാക്ടർമാരില്ലാത്ത സാഹചര്യമാണുള്ളതെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.