വിഴിഞ്ഞം കരാർ : ഏറ്റെടുത്ത സ്ഥലം സർക്കാറിന് നഷ്ടപ്പെടുമോയെന്ന് കമീഷൻ
text_fieldsകൊച്ചി: വിഴിഞ്ഞത്ത് കോടികൾ ചെലവിട്ട് ഏറ്റെടുത്ത സ്ഥലം ഒടുവിൽ സർക്കാറിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമോയെന്ന് ജുഡീഷ്യൽ കമീഷൻ. ഏറ്റെടുത്ത സർക്കാർ ഭൂമി വായ്പക്കായി പണയപ്പെടുത്താൻ അദാനി ഗ്രൂപ്പിന് അനുവാദം നൽകുന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെട്ടതെങ്ങനെയെന്ന കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ ചോദ്യത്തിന് സർക്കാറിനെ പ്രതിനിധാനം ചെയ്ത് എത്തിയവർക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.
പദ്ധതി ഏതുവിധവും നടപ്പാക്കാൻ നിക്ഷേപസൗഹൃദമാകുന്നതിെൻറ ഭാഗമായാണ് വിട്ടുവീഴ്ചകളെന്നായിരുന്നു വിശദീകരണം. വ്യവസ്ഥകൾക്ക് രൂപംനൽകുമ്പോൾ സർക്കാർ ഇത്രത്തോളം നിക്ഷേപ സൗഹൃദമാകണമായിരുന്നോ എന്നായിരുന്നു കമീഷെൻറ ചോദ്യം.
തുറമുഖ നിർമാണത്തിന് 5000 കോടിയോളം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. പുറമെ സർക്കാർ സ്ഥലം ഈടുനൽകി ബാങ്കിൽനിന്ന് പണമെടുക്കാനും അനുവദിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 33 ശതമാനം തുക കമ്പനി മുടക്കേണ്ടതാണ്. എന്നാൽ, പദ്ധതി തുക ഉയർത്തിക്കാട്ടി ഇതും വായ്പയായി വാങ്ങിയെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത്രയും ഭീമമായ തുക മുടക്കിയിട്ടും കമ്പനിക്കാർ വരുത്തിെവക്കുന്ന ബാധ്യതകൾ കൂടി സർക്കാർ ഏറ്റെടുക്കേണ്ടി വരുമോ എന്ന് സംശയമുണ്ട്.
ഭൂമി പണയപ്പെടുത്താൻ അദാനി ഗ്രൂപ്പിന് അനുവാദം നൽകുന്ന വ്യവസ്ഥകൾ ഇത്തരം സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് കമീഷൻ നിരീക്ഷിച്ചു. കരാറിൽ ക്രമക്കേട് ഉണ്ടോ എന്നു കണ്ടെത്താനുള്ള സിറ്റിങ് മൂന്നാഴ്ച പിന്നിടുമ്പോൾ അഴിമതി ആരോപിച്ച് കക്ഷിചേർന്ന സി.ആർ. നീലകണ്ഠൻ ഉൾപ്പെടെ മൂന്നുപേർ വാദങ്ങൾക്കുവേണ്ടി പോലും ഹാജരാകാതിരുന്നതിൽ കമീഷൻ അതൃപ്തി അറിയിച്ചു. കഴിഞ്ഞയാഴ്ചത്തെ സിറ്റിങ്ങിനിടെ രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന് സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ രേഖകളും പരിശോധിക്കാൻ കമീഷൻ അനുവദിച്ചെങ്കിലും പിന്നീട് അദ്ദേഹം എത്തിയില്ല. ആരെയും വിളിച്ചുവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വേണ്ടത്ര സമയം ഹരജിക്കാർക്ക് അനുവദിച്ചിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി. സിറ്റിങ് ബുധനാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.