വിഴിഞ്ഞം തുറമുഖം: കടലിനും ചെകുത്താനും ഇടയിലേക്ക് തീരദേശ ജനത
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി നിർമാണത്തിൽനിന്ന് പിന്നാക്കമില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും പദ്ധതിക്ക് എതിരല്ലെന്ന് പ്രതിപക്ഷം നയം വ്യക്തമാക്കുകയും ചെയ്തതോടെ കടലിനും ചെകുത്താനും ഇടയിൽപെട്ട അവസ്ഥയിലാണ് അതിജീവനത്തിന് പോരാടുന്ന തീരദേശ ജനത.
പദ്ധതി പ്രവൃത്തിമൂലം വിഴിഞ്ഞത്തിന് വടക്കോട്ട് തിരുവനന്തപുരത്തിന്റെ തീരം മുഴുവനായോ ഭാഗികമായോ നശിച്ചതോടെ വീടും ജോലിയും നഷ്ടമായത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കാണ്. നേരത്തെ പണിത പുലിമുട്ടുകൾ കാരണം തീരശോഷണം സംഭവിക്കുന്നതിനിടെയാണ് പദ്ധതിക്കായി 3,100 മീറ്റർ നീളത്തിൽ വീണ്ടും പണിയുന്നത്. 1350 മീറ്റർ പണിതപ്പോൾ തന്നെ ശംഖുംമുഖം തീരം ഉൾപ്പെടെ കടലെടുത്തു.
മണ്ണിട്ട് നികത്തിയിട്ടും തീരം തിരകൾ വീണ്ടും കവരുകയാണ്. വിഴിഞ്ഞം പദ്ധതി വരുംമുമ്പേ തീരശോഷണത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. തൊഴിലും വീടും നഷ്ടമാവുന്നവർക്ക് പുനരധിവാസം ഉറപ്പുനൽകിയാണ് അന്ന് പ്രതിഷേധത്തിലേക്ക് നീങ്ങിയ തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തെ ഉമ്മൻ ചാണ്ടി സർക്കാർ അനുനയിപ്പിച്ചത്. പക്ഷേ പദ്ധതിക്കായി കടലിന്റെ അടിത്തട്ട് ഇളക്കി മറിച്ചതോടെ ചിപ്പി പിടിക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെട്ടു.
തീരശോഷണം വർധിക്കുകയും മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുക്കുകയും ചെയ്തതോടെയാണ് ലത്തീൻ അതിരൂപത വീണ്ടും വിഷയത്തിൽ ഇടപെട്ടത്. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് 12 സംഘടനകളുടെ ആഭിമുഖ്യത്തിൽ ശംഖുംമുഖത്ത് അദാനി വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിലേക്ക് യാനങ്ങളുമായി മാർച്ച് നടത്തിയിട്ടും ഫലമുണ്ടായില്ല. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാറും പ്രതിപക്ഷവും മുഖംതിരിച്ചതോടെയാണ് മൂന്നാംഘട്ടമായി തുറമുഖ കവാടത്തിന് മുന്നിൽ ഉപരോധസമരം ആരംഭിച്ചത്.
യു.ഡി.എഫിന്റെ ഐക്യദാർഢ്യമാണ് സമരക്കാർക്ക് മുഖ്യധാരയിൽനിന്ന് ലഭിക്കുന്ന ഏക പിന്തുണ. പദ്ധതി ആവിഷ്കരിച്ചപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച 471 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വാദത്തിലാണ് പ്രതിപക്ഷം. അപ്പോഴും പദ്ധതി ഉപേക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്താൻ അവർക്ക് കഴിയില്ലെന്നതാണ് സർക്കാറിന്റെയും എൽ.ഡി.എഫിന്റെയും ആശ്വാസം. സമരത്തിനെതിരെ ഉയർന്ന വർഗീയ ചുവ കലർന്ന ആരോപണം സമരസമിതി വകവെക്കുന്നില്ല. തുറമുഖ പദ്ധതിമൂലം തൊഴിൽ നഷ്ടപ്പെട്ട ബീമാപള്ളി മേഖലയിൽനിന്നുള്ള മുസ്ലിംകളും സമീപപ്രദേശത്തെ ധീവര സമുദായവും സമരത്തിനൊപ്പമാണ്.
സമരം ശക്തമാക്കാൻ സമരസമിതി; 'പിണറായിയെ തൂത്ത് തരിപ്പണമാക്കും'
വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി നിർമാണം അവസാനിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ സമരം ശക്തമാക്കാൻ തീരുമാനിച്ച് ലത്തീൻ കത്തോലിക്ക അതിരൂപതയും സംയുക്ത സമരസമിതിയും. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടിവന്നാലും ഈ സമരം ജയിച്ചിട്ടേ തങ്ങൾ അടങ്ങൂവെന്ന് സമരസമിതി കൺവീനർ ഫാ: തീയോഡീഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
'നികൃഷ്ട ജീവികളുടെ തലവന്റെ കീഴിലാണ് ഈ മന്ത്രിസഭ ഇരിക്കുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്ന ആ ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ ആടുത്ത് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണെ'ന്നും അദ്ദേഹം പറഞ്ഞു. സമരം മുൻകൂട്ടി തയാറാക്കിയതെന്നും പ്രദേശവാസികൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നുമുള്ള പിണറായി വിജയന്റെ നിലപാടാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്.
സമരത്തിന്റെ എട്ടാം ദിവസമായ ചൊവ്വാഴ്ച വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന ഉപരോധ സമരം നടക്കുന്നതിനിടെയാണ് സർക്കാറിന്റെ നിലപാട് പുറത്ത് വന്നത്. പിന്നാലെ ഉച്ചക്ക് കലക്ടർ വിളിച്ച ജില്ലതല സർവകക്ഷി യോഗവും അലസിപ്പിരിഞ്ഞു. യോഗത്തിൽ ക്രിയാത്മകമായ ഒരു വിഷയവും ചർച്ചയായില്ലെന്ന് സമരസമിതി ആരോപിച്ചു. കലക്ടറോ പൊലീസ് കമീഷണറോ മേയറോ ഒരക്ഷരം മിണ്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ മാസം 29ന് പെരുമാതുറ മുതൽ വിഴിഞ്ഞംവരെ വള്ളങ്ങൾ നിരത്തി സമരം ചെയ്യാനും സമരസമിതി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.