വിഴിഞ്ഞം മെല്ലെപ്പോക്കിൽ സംസ്ഥാനം അദാനിയോട് നഷ്ട പരിഹാരം ആവശ്യപ്പെട്ടു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മെെല്ലപ്പോക്കിൽ അദാനി ഗ്രൂപ്പുമായി ഉരസി സംസ്ഥാന സർക്കാർ. പദ്ധതിയുടെ നാലിലൊന്ന് പോലും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ 18.96 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സർക്കാർ അദാനി പോർട്സ് ലിമിറ്റഡിന് നോട്ടീസ് നൽകി.
2017 ഒക്ടോബർ 24ന് മുമ്പ് പദ്ധതിയുടെ 25 ശതമാനമെങ്കിലും പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ വൈകുന്ന ഒാരോദിവസത്തിനും 12 ലക്ഷം രൂപ സർക്കാറിന് നഷ്ടപരിഹാരമായി നൽകണമെന്നുമാണ് അദാനിയുമായുണ്ടാക്കിയ കരാർ. ഇതു ലംഘിച്ചതിനാൽ 2017 ഒക്ടോബർ 25 മുതൽ 2018 മാർച്ച് 31വരെയുള്ള 158 ദിവസത്തിന് 18.96 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സർക്കാർ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.
പദ്ധതിയുടെ സെക്യൂരിറ്റി തുകയായ 120 കോടിയുടെ 0.1 ശതമാനം കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക 12 ലക്ഷമായി നിജപ്പെടുത്തിയത്. 4089 കോടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മൊത്തം തുക. ഇതിെൻറ 25 ശതമാനം ഒക്ടോബർ 24ന് മുമ്പ് പദ്ധതിക്കായി ചെലവഴിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡാണ് അദാനി പോർട്സിന് നോട്ടീസ് നൽകിയത്. എന്നാൽ, നോട്ടീസിനോട് അദാനി ഗ്രൂപ് പ്രതികരിച്ചിട്ടില്ല.
നിർമാണ കരാർ കാലാവധി ഒന്നരവർഷമെങ്കിലും നീട്ടണമെന്ന് അദാനി ഗ്രൂപ് നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് നോട്ടീസ് നൽകിയതെന്നതാണ് ഏറെ ശ്രദ്ധേയം. ഒാഖി ദുരന്തം കാരണം രണ്ട് ഡ്രഡ്ജറുകൾ തകർന്നതും പദ്ധതിക്കെതിരെ പ്രദേശവാസികളുടെ സമരങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് കാലാവധി നീട്ടണമെന്ന് അദാനി ഗ്രൂപ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുകയും ചെയ്തു. എന്നാൽ, കാലാവധി നീട്ടാനാവില്ലെന്നും കൂടുതൽ യന്ത്രങ്ങൾ ഇറക്കി പ്രവൃത്തി പൂർത്തിയാക്കാനുമാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
2019 ഡിസംബർ നാലിനകംതന്നെ പദ്ധതി യാഥാർഥ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതീക്ഷ കൈവിടാതിരിക്കുന്ന വേളയിലാണ് അദാനി ഗ്രൂപ്പിന് ഇരുട്ടടിയായി സർക്കാറിെൻറ പുതിയ നീക്കം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് പദ്ധതിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.