വിഴിഞ്ഞം തുറമുഖം: കരണ്‍ അദാനിയും മന്ത്രി ദേവര്‍കോവിലും കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി അദാനി പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡ് സി.ഇ.ഒ കരണ്‍ ഗൗതം അദാനിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ യോഗം ഭാവി നിക്ഷേപങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ തയാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. 2023 സെപ്തംബറില്‍ ഓണത്തോട് അനുബന്ധിച്ച് പദ്ധതിയുടെ ആദ്യഘട്ടം കമീഷന്‍ ചെയ്യാനാണ് ധാരണയായത്.
പദ്ധതി കമീഷന്‍ ചെയ്യുന്നതോടെ പരിസരവാസികളായ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. പോര്‍ട്ടിന്റെ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുവാന്‍ അദാനി കമ്പനി മന്ത്രിയെ സന്നദ്ധത അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുലെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമെന്ന് കമ്പനി മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പാളയത്തെ വിവന്തയില്‍ നടന്ന അവലോകന യോഗത്തില്‍ തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു വിസ്വാള്‍ ഐ.എ.എസ്, വിസില്‍ എം.ഡി ഗോപാലകൃഷ്ണന്‍, സി.ഇ.ഒ രാജേഷ് ഝാ, അധാനി മുദ്ര പോര്‍ട്ട് സി.ഇ.ഒ സുപ്രത് ത്രിപാഠി, ഹോം സി.ഇ.ഒ വിനയ് സിംഗാള്‍, എത്തിരാജന്‍, സുശീല്‍ നായര്‍ (അദാനി പോര്‍ട്ട്), മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.റ്റി ജോയി, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.