കൈവിട്ട് വിഴിഞ്ഞം തുറമുഖ പദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ വിടാതെ പിന്തുടർന്ന് വീണ്ടും പ്രതിസന്ധി. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിക്കുകയില്ലെന്നു മാത്രമല്ല, വ്യവസ്ഥകൾ പോലും മാറിമറിയുമെന്നിടത്താണ് കാര്യങ്ങളുടെ ഗതി. സർക്കാറിനും അദാനിഗ്രൂപ്പിനും ഇടയിലെ സ്വതന്ത്ര ഏജൻസി സ്റ്റുപ് കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ റിപ്പോർട്ട് ഇതിൽ നിർണായകമാണ്. ഒാഖിയിൽ നിർമാണകമ്പനിയുടെ ഡ്രഡ്ജറുകൾക്ക് സംഭവിച്ച നഷ്ടവും കരാർ കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കഴമ്പുേണ്ടായെന്നതും പരിശോധിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ഇൗ ഏജൻസിയാണ്.
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ അദാനി ഗ്രൂപ്പിൽനിന്ന് ഈടാക്കുമെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. ഇതു മുന്നിൽകണ്ട് സമർഥമായാണ് അദാനി ഗ്രൂപ്പും പ്രവർത്തിക്കുന്നത്. ഒാഖി വിതച്ച നഷ്ടം മുൻനിർത്തി പ്രവൃത്തിയുടെ കാലാവധി നീട്ടാൻ അദാനി ഗ്രൂപ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഡ്രഡ്ജറുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാനെടുക്കുന്ന മാസങ്ങൾ അധികമായി നൽകണമെന്നാണ് പ്രധാന ആവശ്യം. വിഷയത്തിൽ സ്റ്റുപ് ഏജൻസി റിപ്പോർട്ട് അനുകൂലമാവുമെന്നാണ് അദാനിയുടെ പ്രതീക്ഷ. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഒാരോ ദിവസത്തിനും ലക്ഷങ്ങൾ പിഴയെന്ന വ്യവസ്ഥ മറികടക്കാൻ സ്റ്റുപ് റിപ്പോർട്ടിലൂടെ സാധിക്കും. പിഴ സംബന്ധിച്ചും ഇൗ ഏജൻസിയുടെ നിലപാട് നിർണായകമാണെന്നതിനാലാണ് വ്യവസ്ഥകൾ മാറിമറിയുമോയെന്ന ആശങ്കക്ക് കാരണം.
ഒാഖിയിൽ തകർന്ന രണ്ട് കൂറ്റൻ ഡ്രഡ്ജറുകളും അറ്റകുറ്റപ്പണിക്കായി ചെെന്നെയിലും കൊച്ചിയിലും കൊണ്ടുപോയിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ മൂന്നുമാസമെങ്കിലും അറ്റകുറ്റപ്പണിക്ക് വേണ്ടിവരും. അറ്റകുറ്റപ്പണി കഴിഞ്ഞ് വീണ്ടുമെത്തിയാൽ മൺസൂൺ സീസൺ. അതിനാൽ ആഗസ്റ്റ് കഴിയുന്നതു വരെ പ്രവൃത്തിയൊന്നും നടക്കില്ല. കരാർ പ്രകാരം 2019 ഡിസംബർ നാലിനാണ് പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂർത്തീകരിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇൗ കാലാവധിക്കകം പദ്ധതി പൂർത്തിയാകില്ല. ഇതു മുന്നിൽ കണ്ടാണ് ഒാഖിയുടെ മറപിടിച്ച് കാലാവധി നീട്ടാൻ അദാനി ഗ്രൂപ് സർക്കാറിന് കത്ത് നൽകിയത്.
പ്രതികൂല കാലാവസ്ഥയും കരിങ്കല്ല് ക്ഷാമവും പ്രദേശവാസികളുടെ എതിർപ്പും കാരണം തൊഴിൽദിനങ്ങൾ കുറേ നഷ്ടപ്പെട്ടു. 40 ശതമാനം ഡ്രഡ്ജിങ്ങാണ് ഇതിനകം പൂർത്തിയായത്. 3.1 കിലോമീറ്റർ നീളത്തിലുള്ള പുലിമുട്ടിെൻറ 600 മീറ്റർ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇതിനിടെയാണ് പുതിയ പ്രതിസന്ധികൾ ഒാരോന്നായി വരുന്നത്. സ്വതന്ത്ര ഏജൻസി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അതിനുശേഷമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂവെന്നും വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.