വിഴിഞ്ഞം പദ്ധതി: കരിങ്കൽ ഖനനത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് പാറയെത്തിക്കാൻ ഖനനത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കാൻ നിർദേശം നൽകി. പദ്ധതിക്ക് പാറ ലഭിക്കുന്നതിലെ പ്രയാസങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഈ മാസം മൂന്നിന് നടന്ന യോഗത്തിലാണ് നിർദേശമുണ്ടായത്. തുറമുഖ പദ്ധതി സർക്കാർ പദ്ധതിയെന്നനിലയിൽ മുൻഗണന നൽകി പാറ സമയബന്ധിതമായി ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ കലക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിക്കണം.
നഗരൂരിൽ നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഒരു ക്വാറി മാത്രം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.ഒ.സിക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് സമാന്തരമായി മൈനിങ് പ്ലാൻ തയാറാക്കൽ ഉൾപ്പെടെ മറ്റു നടപടിക്രമങ്ങളിലും സമയ നഷ്ടം ഒഴിവാക്കും. മൈനിങ് പ്ലാൻ സമർപ്പിച്ചാൽ ഒരാഴ്ചക്കുള്ളിൽ ആവശ്യമായ പരിശോധന നടത്തി ആവശ്യമായ റിപ്പോർട്ടിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകും. തുടർന്ന് വളരെ വേഗത്തിൽ പാരിസ്ഥിതിക അനുമതി നൽകുന്നതിനുള്ള നടപടി കലക്ടറും പരിസ്ഥിതി വകുപ്പും പൂർത്തിയാക്കണം. ഇക്കാര്യത്തിൽ കലക്ടർ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നാണ് നിർദേശം. തലസ്ഥാന ജില്ലയിൽ നഗരൂരിൽ ഒരു ക്വാറിക്കാണ് അനുമതി നൽകിയതെന്ന് കലക്ടർ യോഗത്തെ അറിയിച്ചു.
ബാക്കി അഞ്ചെണ്ണം പരിഗണനയിലാണ്. അനുമതി നൽകിയയിടത്ത് പൊതുജനങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പരോക്ഷമായി പ്രതിഷേധക്കാരെ സഹായിക്കുകയാണെന്നും കലക്ടർ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ ജില്ല ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.