വിഴിഞ്ഞം തുറമുഖ നിർമാണം; അതൃപ്തി, പ്രതിഷേധം; പള്ളികളിൽ സർക്കുലർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായെങ്കിലും അതൃപ്തി പരസ്യമാക്കി ലത്തീൻ അതിരൂപത. ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമായ തുറമുഖ നിർമാണം നിർത്തിവെച്ച് പഠനം നടത്തണമെന്നതും പഠനസമിതിയിൽ സമരസമിതി നിർദേശിക്കുന്ന വിദഗ്ധരെക്കൂടി ഉൾപ്പെടുത്തണമെന്നതും അംഗീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ഞായറാഴ്ച പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു. മറ്റ് ആവശ്യങ്ങൾ ഭാഗികമായാണ് അംഗീകരിച്ചത്. ഇത് തൃപ്തികരമല്ലെന്നും സഭ വ്യക്തമാക്കി.
ആവേശപൂർവം തുടർന്ന അതിജീവനസമരം നിർത്തിവെച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. ഇതിനെ അതിജീവിക്കാനുള്ള സമ്മർദത്തിന് ഭാവിയിലും നമ്മൾ സന്നദ്ധരാകണം. ദീർഘ സമരത്തിന് ഒന്നിച്ചുനിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടമാണ്. സർക്കാർ നൽകിയ ഉറപ്പുകൾ യഥാസമയം നടപ്പാക്കാൻ ഇടപെടൽ തുടർന്നും ഉണ്ടാകും. ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വാടക വീട് കണ്ടെത്താൻ സഹായം ആവശ്യമാണ്. സർക്കാർ നൽകുന്ന 5500 രൂപ വാടകത്തുക അപര്യാപ്തമാണെന്ന് മനസ്സിലാക്കി ആവശ്യമായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും എല്ലാവരും സഹകരിക്കണമെന്നും പറയുന്ന സർക്കുലർ സമരം പിൻവലിക്കാനുള്ള സാഹചര്യങ്ങളും വിശദീകരിക്കുന്നു.
അതിനിടെ, വിഴിഞ്ഞം തുറമുഖത്ത് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇതിന് കൂടുതൽ ബാർജുകളും ക്രെയിനുകളും എത്തിക്കും. മുക്കോലയിൽ എത്തിച്ച കൂറ്റൻ ക്രെയിനുകൾ, എസ്കലേറ്ററുകൾ എന്നിവയുടെ ഭാഗങ്ങൾ തിങ്കളാഴ്ചയോടെ തുറമുഖത്ത് കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച് സജ്ജീകരിക്കും. കൊല്ലത്ത് എത്തിച്ച ശാന്തിസാഗർ 10 എന്ന ഡ്രഡ്ജർ അടുത്തയാഴ്ചയോടെ വിഴിഞ്ഞത്ത് എത്തും.
ബെർത്തിനും കരക്കും മധ്യേയുള്ള കടൽ നികത്തുന്നതിനാണ് ഡ്രഡ്ജിങ്. തുറമുഖത്തേക്ക് കൂടുതൽ ലോറികളിലായി കരിങ്കല്ലും എത്തുന്നുണ്ട്. പ്രതിദിനം 126 ലോഡ് കല്ലാണ് എത്തുന്നത്. ആദ്യ ഘട്ടത്തിൽ 7000 മെട്രിക് ടൺ കല്ലുകൾ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണം പൂർണതോതിൽ ആകുമ്പോൾ നിക്ഷേപം ദിവസം 10,000 ടൺ ആയി ഉയർത്തും. 400 മീറ്റർ ബെർത്ത് എട്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.