ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം തുറമുഖം
text_fieldsതിരുവനന്തപുരം: ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഡിസംബറിനുള്ളിൽ പൂർണമായും വാണിജ്യാടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കമീഷൻ ചെയ്യാനുള്ള ഒരുക്കത്തിൽ തുറമുഖവകുപ്പ്. 88 ശതമാനവും നിർമാണം പൂർത്തിയാക്കി പദ്ധതിപ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടുനീങ്ങുകയാണ്.
ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ 98 ശതമാനവും ബ്രേക്ക് വാട്ടർ നിർമാണം 81 ശതമാനവും ബെർത്ത് 92 ശതമാനവും കണ്ടെയ്നർ യാർഡ് നിർമാണം 74 ശതമാനവും പൂർത്തീകരിച്ചു. മറ്റ് കെട്ടിടങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ക്രെയിനുകൾ, ടഗ്ഗുകൾ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളിൽ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു.
ചരക്കുനീക്കത്തിനായി വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽപാതയുടെ നിർമാണം സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ ഉടൻ ആരംഭിക്കും. നോൺ ഗവൺമെന്റ് റെയിൽവേ (എൻ.ജി.ആർ) മാതൃകയിൽ നടപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേയുമായി കരാറിലേർപ്പെട്ടു.
റെയിൽപാതക്ക് ആവശ്യമായ 5.53 ഹെക്ടർ സ്ഥലത്തിന്റെ ഏറ്റെടുക്കൽ പുരോഗമിക്കുന്നു. 42 മാസം കൊണ്ട് പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ. കരാറനുസരിച്ച് അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത സ്ഥാപിക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.
ഇതിന്റെ ചുമതല കൊങ്കൺ റെയിൽ കോർപറേഷനാണ്. 10.7 കി.മീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയാണ് ആവശ്യമെന്നാണ് കൊങ്കൺ റെയിൽ കോർപറേഷൻ തയാറാക്കിയ ഡി.പി.ആർ നിർദേശം.
1060 കോടി രൂപ െചലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ദക്ഷിണ െറയിൽവേ അംഗീകാരം ലഭിച്ചു. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ 9.02 കി.മീറ്റർ ദൂരവും ടണലിലൂടെയാണ് കടന്നുപോകുന്നത്. ടണലിന്റെ ഏറിയ പങ്കും പൊതുമരാമത്ത് റോഡിന് താഴെയായാണ് രൂപകൽപന ചെയ്തത്.
തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർണമായും പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. അടുത്ത രണ്ട് ഘട്ടങ്ങളുടെ പൂർത്തീകരണത്തോടെ 700 പേർക്കുകൂടി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.
അടുത്തഘട്ടത്തിൽ 2300 പേർക്ക് തൊഴിലവസരം ലഭ്യമാവും. ഇതിന്റെ മൂന്നിരട്ടിയോളം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.