വിഴിഞ്ഞം; പിന്തിരിയില്ലെന്ന് സമരസമിതി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അതിജീവനസമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന നിലപാടിൽ സമരക്കാർ. പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും കോലം കത്തിച്ചു. മുഖ്യമന്ത്രിയുടെ കോലത്തിൽ 'നിന്നെ ഞങ്ങൾ തളയ്ക്കും' എന്നും ഗതാഗതമന്ത്രിയുടെ കോലത്തിൽ 'നീ തീർന്നു' എന്നും രേഖപ്പെടുത്തിയിരുന്നു. പള്ളിത്തുറ മുതൽ വെട്ടുകാട് വരെയുള്ള ഇടവകയിലെ അംഗങ്ങളാണ് പതിനൊന്നാം ദിവസത്തെ സമരത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത എതിർപ്പും പ്രതിഷേധവുമാണ് സമരക്കാർ പ്രകടിപ്പിച്ചത്.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കോടതിയും കാര്യങ്ങൾ മാനുഷികമായി കാണണമെന്ന നിലപാടിലാണിവർ. തങ്ങൾ ഒരു ക്രമസമാധാനപ്രശ്നവും ഉണ്ടാക്കുന്നില്ല. ജീവിക്കാനാണ് ഈ പ്രക്ഷോഭം -അവർ പറയുന്നു. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ വിഴിഞ്ഞം തുറമുഖ പ്രവൃത്തികൾ നിർത്തിവെക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും സമരത്തിന് പിന്നിൽ മറ്റ് ചിലരാണെന്ന പ്രസ്താവനയും സമരക്കാർക്കിടയിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇത് നിലനിൽപിന്റെ പ്രശ്നമാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കി. സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പൊലീസ് നോക്കണം. ഹൈകോടതി നിർദേശം അതേപടി അംഗീകരിക്കാനാകില്ല. ജനാധിപത്യരീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കോടതികളും ഇക്കാര്യങ്ങൾ കണ്ണുതുറന്ന് കാണണം.
അദാനി ഗ്രൂപ് തുടക്കം മുതൽ എല്ലാവരെയും പറ്റിച്ചു. സമരത്തിൽനിന്ന് ഒരടിപോലും പിന്നോട്ടില്ല. ഒരു അനിഷ്ടസംഭവും ഉണ്ടായിട്ടില്ല. അദാനിക്ക് അടിയറവ് പറയരുത്. നഗരമധ്യത്തിലെ അടച്ചിട്ട മുറികളിലിരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാറിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന ഹൈേകാടതി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.