കനത്ത സുരക്ഷയിൽ വിഴിഞ്ഞം; ജനം ഒഴുകിയെത്തി, ലത്തീൻ അതിരൂപത വിട്ടുനിന്നു
text_fieldsവിഴിഞ്ഞം: ആദ്യകപ്പലിന്‍റെ സ്വീകരണ ചടങ്ങിൽനിന്ന് ലത്തീൻ അതിരൂപത വിട്ടുനിന്നു. ലത്തീൻ അതിരൂപത വികാരി ജനറൽ ഡോ. സൂസപാക്യം പങ്കടുക്കുന്നുണ്ടെന്നാണ് സ്വാഗത പ്രസംഗകൻ അറിയിച്ചത്. എന്നാൽ, അദ്ദേഹം എത്തിയില്ല. വിഴിഞ്ഞം ഇടവക വികാരി ഫാ. നിക്കോളാസ് ആകട്ടെ, സദസ്സിലെ രണ്ടാംനിരയിലുണ്ടായിരുന്നു. ലത്തീൻ സമുദായം ചടങ്ങിനെത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി രാജു അവകാശപ്പെട്ടിരുന്നു.
തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത സമരം ശക്തിയാക്കിയപ്പോൾ വിഴിഞ്ഞം ഇടവകയാണ് നിർണായക സാന്നിധ്യമായിരുന്നത്. ലത്തീൻ അതിരൂപത സമരങ്ങളിൽ പ്രധാന സാന്നിധ്യമായിരുന്ന കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമയും പങ്കെടുത്തു.
കനത്ത സുരക്ഷയിൽ വിഴിഞ്ഞം; ജനം ഒഴുകിയെത്തി
വിഴിഞ്ഞം: ആദ്യ കപ്പലിന് സ്വീകരണമൊരുക്കുന്ന ചടങ്ങിനായി വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കനത്ത സുരക്ഷയിലായിരുന്നു പ്രദേശമൊട്ടാകെ. നാലിന് നടക്കുന്ന പരിപാടിക്കായി ഉച്ചക്ക് രണ്ടുമുതൽതന്നെ ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
കനത്ത പൊലീസ് പരിശോധനയിലാണ് ഓരോരുത്തരെയും കടത്തിവിട്ടത്. പ്രധാന കവാടം വരെ കാൽനടയായി പോകാൻ പ്രത്യേക പാതയൊരുക്കിയിരുന്നു. പ്രധാന കവാടത്തിനു സമീപം ബോംബ് സ്ക്വാഡിന്‍റെ പരിശോധനകൾക്കുശേഷമാണ് ഓരോരുത്തരെയും പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിച്ചത്. പൊലീസിന്‍റെ കണക്കുകൾ പ്രകാരം 12,000 പേരാണ് ചടങ്ങിനെത്തിയത്. ചിലർ ചടങ്ങിൽ പങ്കെടുത്തപ്പോൾ മറ്റുചിലർ കപ്പൽ കണ്ട് ഫോട്ടോയെടുത്ത് മടങ്ങി.
ജനങ്ങൾ കപ്പലിനുസമീപം പോകാതിരിക്കാൻ പ്രദേശത്ത് മുഴുവൻ ബാരിക്കേഡ് തീർത്തിരുന്നു. പൊലീസിന് പുറമെ, അദാനി ഗ്രൂപ്പിന്‍റെ സുരക്ഷാസംഘവും പ്രദേശത്ത് ജനങ്ങളെ നിയന്ത്രിക്കാനുണ്ടായിരുന്നു. ബാരിക്കേഡുകൾക്ക് ഇപ്പുറംനിന്ന് ആദ്യ കപ്പലടുക്കുമ്പോൾ അതു കാണാനും സെൽഫിയെടുക്കാനും കാണികൾ തിക്കിത്തിരക്കി. ഡ്രോൺ കാമറകളുൾപ്പെടെ സുരക്ഷയുടെ ഭാഗമായി സദാ റോന്തുചുറ്റുന്നുണ്ടായിരുന്നു. വൈകീട്ട് മൂന്നോടെതന്നെ പ്രധാനവേദിയിയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്ന ഇരിപ്പിടങ്ങൾ എല്ലാം നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.