കണ്ടെയ്നർ കപ്പൽ തീരത്തേക്ക്; വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12ന്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക്. ട്രയൽ ഓപറേഷൻ ജൂലൈ 12ന് ആരംഭിക്കും. രാവിലെ 10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’യെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം മൂന്ന് മാസത്തിനകം കമീഷൻ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടി.ഇ.യു വരെ ശേഷിയുള്ള കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപറേഷന്റെ ഭാഗമായി വിഴിഞ്ഞത്തിറക്കും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, വിവിധ വലിപ്പത്തിലുള്ള കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘സാൻ ഫെർണാണ്ടോ’ കണ്ടെയ്നർ കപ്പൽ ജൂലൈ 11ന് വിഴിഞ്ഞത്ത് എത്തിച്ചേരും. ട്രയൽ ഓപറേഷൻ രണ്ടുമുതൽ മൂന്നുമാസം വരെ തുടരും. ട്രയൽ പ്രവർത്തനം തുടങ്ങി ആഴ്ചകൾക്കുള്ളിൽ 400 മീറ്റർ നീളമുള്ള മറ്റൊരു കണ്ടെയ്നർ കപ്പൽ എത്തും. വലിയ കപ്പലുകൾ തുറമുഖത്ത് കണ്ടെയ്നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്തെത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികൾ ലഭിച്ചിട്ടുണ്ട്. ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.