വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിെൻറ വാദങ്ങള്‍ സർക്കാർ തള്ളി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതിന് അദാനി ഗ്രൂപ് നിരത്തുന്ന ന്യായവാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി വൈകിയത് അദാനി ഗ്രൂപ് പറയുന്നതുപോലെ പ്രകൃതിക്ഷോഭം കാരണമല്ല. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടെന്നും ആര്‍ബിട്രല്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നല്കിയ എതിര്‍വാദത്തില്‍ പറയുന്നു. പ്രകൃതിക്ഷോഭവും പാറക്ഷാമവും കോവിഡും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതുമാണ് വൈകുന്നതിന് അദാനി ഗ്രൂപ് നിരത്തിയ ന്യായങ്ങള്‍.
മന്ത്രിയുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും കമ്പനി ഇതേ കാരണങ്ങള്‍ നിരത്തി. ഇതിന് അക്കമിട്ടുള്ള മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ നല്‍കിയത്. പദ്ധതി പ്രദേശത്ത് ഓഖി സൃഷ്ടിച്ച കെടുതികള്‍ ചൂണ്ടിക്കാണിച്ച് നിര്‍മാണ കാലാവധി നീട്ടി നല്‍കണമെന്ന വാദം സര്‍ക്കാര്‍ തള്ളി. അദാനി ഗ്രൂപ്പിെൻറ വാദങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളില്ല. സ്വതന്ത്ര എൻജിനീയറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുറമുഖ പദ്ധതി പ്രദേശങ്ങളില്‍ ചുഴലിക്കാറ്റും ശക്തമായ തിരയടിയുമെല്ലാം ഉണ്ടാകും. അത് പ്രതിരോധിക്കുന്ന രീതിയിലാണ് പുലിമുട്ട് നിര്‍മിക്കേണ്ടത്.
പദ്ധതിക്കുവേണ്ട 360 ഏക്കറില്‍ 97 ശതമാനം ഭൂമിയും കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയിലുള്ള റിസോര്‍ട്ടും കുരിശടിയും മാറ്റുന്നതിൽ പ്രതിഷേധമുണ്ട്. ഈ സ്ഥലം ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനത്തിന് ആവശ്യമല്ല. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. പുലിമുട്ട് നിര്‍മാണത്തിന് കല്ല് കൊണ്ടുവരേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം: സര്‍ക്കാറും അദാനിയും ഒത്തുകളിക്കുന്നു –വി.ഡി. സതീശന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വൈകുന്നതിനുപിന്നില്‍ സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കരാര്‍ പ്രകാരം 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷത്തെ സാവകാശം കൂടി വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. കരാര്‍ വ്യവസ്ഥകള്‍ അദാനി ഗ്രൂപ് ലംഘിച്ചിട്ടും നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുള്ള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്.
റെയില്‍വേ ലൈന്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 3100 മീറ്റര്‍ നീളത്തിലുള്ള പുലിമുട്ടാണ് നിര്‍മിക്കേണ്ടതെങ്കിലും 850 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. വിഴിഞ്ഞം തുറമുഖം ഇടതു സര്‍ക്കാറും അദാനി ഗ്രൂപ്പും ചേര്‍ന്ന് തകര്‍ക്കരുത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.