വിഴിഞ്ഞം പദ്ധതി പൂർത്തിയാകുക 2024 ഡിസംബറിൽ; സർക്കാർ മുടക്കിയത് 1375 കോടി
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാകുക 2024 ഡിസംബറിലെന്ന് റിപ്പോർട്ട്. അടുത്ത മെയിൽ സജ്ജമാകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ ഷെഡ്യൂൾ പ്രകാരം 2024 ഡിസംബർ മൂന്നിനായിരിക്കും പദ്ധതി പൂർത്തിയാക്കാനാകുകയെന്ന് കരാർ കമ്പനിയായ അദാനി ഗ്രൂപ് വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്ക് സംസ്ഥാന സർക്കാർ ഇതുവരെ 1375 കോടി രൂപയും അദാനി ഗ്രൂപ് 2470 കോടി രൂപയും മുടക്കിയതായി കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. 2015 ആഗസ്റ്റ് 17നാണ് വിഴിഞ്ഞം കരാർ ഒപ്പുവെച്ചത്. 2015 ഡിസംബർ അഞ്ചിന് നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ 1460 പ്രവൃത്തി ദിവസമാണ് കരാർ പ്രകാരം അനുവദിച്ചിരിക്കുന്നത്. അത് പ്രകാരം 2019 ഡിസംബർ മൂന്നിന് പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, 1300ലധികം പ്രവൃത്തി ദിനങ്ങൾകൂടി പിന്നിട്ട് 2023 ജൂലൈയിൽ എത്തി നിൽക്കുമ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണം എങ്ങും എത്തിയിട്ടില്ല. ഡ്രെഡ്ജിങ്, റിക്ലമേഷൻ പ്രവർത്തനങ്ങൾ 68.51 ശതമാനം, പുലിമുട്ട് നിർമാണം 54.73 ശതമാനം, കണ്ടെയ്നർ ബർത്ത് 80.52 ശതമാനം, കണ്ടെയ്നർ യാർഡ് 18.88 ശതമാനം എന്നിങ്ങനെയാണ് പുരോഗതി.
നിശ്ചിത പൂർത്തീകരണ തീയതിയിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കാനായില്ലെങ്കിൽ കരാർ പ്രകാരം 270 ദിവസംകൂടി നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് ലഭിക്കുമെന്ന് വ്യവസ്ഥയുണ്ട്. അതിൽ ആദ്യത്തെ 90 ദിവസം പിഴകൂടായെും പിന്നീടുള്ള 180 ദിവസങ്ങൾ പ്രതിദിനം 12 ലക്ഷം രൂപ വീതവും പിഴയീടാക്കുകയും ചെയ്യുമെന്നായിരുന്നു വ്യവസ്ഥ. അദാനി ഗ്രൂപ് ആർബിട്രേഷൻ നടപടികളുമായി മുന്നോട്ട് പോകുന്നതിനാൽ പിഴ തുക ഈടാക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.