വിഴിഞ്ഞം സമരം: സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: വിഴിഞ്ഞം സമരമുഖത്തെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്.
സമരത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം, മന്ത്രിമാരെ പറഞ്ഞയച്ച് പ്രകോപന പ്രസ്താവനകള്‍ നടത്തിക്കുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്തത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുകയും ജീവിതമാര്‍ഗം തടയപ്പെടുകയും ചെയ്യുന്നവര്‍ നടത്തുന്ന സമരമാണെന്ന പ്രാഥമിക ബോധം സര്‍ക്കാറിനുണ്ടാവണം. പൊലീസ് നടപടിയിലൂടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഫാഷിസ്റ്റ് രീതിയാണ്. ജനാധിപത്യ സര്‍ക്കാര്‍ ആ വഴി സ്വീകരിക്കരുത്. പ്രദേശവാസികളായ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ മുഖവിലക്കെടുക്കണം. സമരക്കാരുടെ മതം നോക്കി പൊലീസ് നടപടിയെടുക്കുന്ന രീതിയും അംഗീകരിക്കാനാവില്ല. തുറമുഖ നിര്‍മാണ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും വിവേചനരഹിതമായി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇതില്‍ നിന്നും ജനാധിപത്യ സര്‍ക്കാറിന് ഒളിച്ചോടാനാവില്ല.
സമരക്കാരെ വംശീയമായി അധിക്ഷേപിച്ച് സംഘ്പരിവാര്‍ സമുദായ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന ബോധം സര്‍ക്കാറിനുണ്ടാവണം. സംഘ്പരിവാര്‍ അജണ്ടയില്‍ വീണുപോവാതിരിക്കാന്‍ സമര നേതൃത്വവും ശ്രദ്ധിക്കണം. മന്ത്രിയെ മതം നോക്കി അധിക്ഷേപിച്ചതും അപലപനീയമാണ്. അക്രമാസക്തവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ സമര രീതികളെ അംഗീകരിക്കാനാവില്ല. അത്തരം രീതികള്‍ പൊതുജന പിന്തുണ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. കോർപറേറ്റുകളുടെയും സംഘ്പരിവാര്‍ അജണ്ടകളുടെയും പക്ഷം പിടിക്കുന്നതിന് പകരം സമരത്തിന്റെ സമാധാനപരമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.