ആവശ്യങ്ങൾ നടപ്പാകുന്നതുവരെ സമരമുഖത്തെന്ന് ലത്തീൻ അതിരൂപത
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ സംഘർഷമോ സംഘർഷ സാഹചര്യങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും ന്യായമായ ആവശ്യങ്ങൾ നടപ്പാകുന്നതുവരെ സമരമുഖത്തുണ്ടാകുമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ. നിലവിലെ സംഘർഷ സാഹചര്യം അതിജീവിക്കാനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ മുൻകൈയെടുക്കണമെന്ന് ഞായറാഴ്ച പള്ളികളിൽ വായിച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. സമരസമിതിയുമായി ചർച്ച പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം. നവംബർ 26, 27 തീയതികളിലെ അനിഷ്ടസംഭവങ്ങൾ വേദനജനകവും അപലപനീയവുമാണ്. ക്ഷതമേറ്റവരുടെ വേദനയിൽ പങ്കുചേരുന്നതായും സർക്കുലറിൽ പറയുന്നു.
പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ടസംഭവങ്ങളിലേക്ക് നയിച്ചത്. സർക്കാറിന്റെ നിസ്സംഗ മനോഭാവം പ്രകോപനപരവും പ്രതിഷേധാർഹവുമാണ്. തുറമുഖ നിർമാണം തുടരാനുള്ള കരാറുകാരുടെ അവകാശവും അതിജീവന സമരം തുടരാനുള്ള അതിരൂപതയുടെ അവകാശവും അംഗീകരിക്കുന്നതാണ് കോടതി നിലപാട്. സമരത്തിലെ ആവശ്യങ്ങളോട് സർക്കാർ തുടർന്നുവന്ന നിഷേധാത്മക നിലപാടും അതിജീവന സമരത്തിനെതിരെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളും അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.
സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സർക്കാർ സമീപനവും പല കോണുകളിൽനിന്നും വർഗീയവാദികളായി പ്രചരിപ്പിക്കുന്ന രീതികളും പ്രകോപനത്തിന് കാരണമായി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെയും സർക്കുലർ വിമർശിക്കുന്നു.
നവംബർ 27ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ വിഴിഞ്ഞം മുക്കോല ഭാഗത്തുവെച്ച് തങ്ങളുടെ രണ്ടുപേരെ ഷാഡോ പൊലീസ് കൊണ്ടുപോയി. ഒരംഗത്തെ ജനപ്രതിനിധിയാണെന്നറിഞ്ഞ് തിരിച്ചയച്ചു.
വിവരമന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെയും അമ്മയെയും ഒരു കാരണവുമില്ലാതെ പൊലീസ് മർദിച്ചു. നിജസ്ഥിതി വിഴിഞ്ഞം പൊലീസിൽനിന്ന് അറിയാൻ ഇടവക കൗൺസിലിലെ നാലുപേരെ ഇടവക വികാരി ഫാ. മെൽക്കോൺ ചുമതലപ്പെടുത്തി.
തുറമുഖ നിർമാണം സ്ഥിരമായി നിർത്തണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. തുറമുഖ നിർമാണം മൂലമുള്ള ആഘാതം പഠിക്കാൻ വിദഗ്ധ ജനകീയ കമ്മിറ്റിയെ സമരസമിതി നിയമിച്ചതായും സർക്കുലർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.