വിഴിഞ്ഞം: സമരക്കാർ അതിസുരക്ഷാ മേഖലയിലെന്ന് നിർമാണക്കമ്പനി
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പുരോഹിതർ ഉൾപ്പെടെ സമരക്കാർ അതിസുരക്ഷാ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് അദാനി ഗ്രൂപ്പും നിർമാണക്കമ്പനിയും ഹൈകോടതിയിൽ ബോധിപ്പിച്ചു. സമരത്തെ തുടർന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണക്കമ്പനിയായ ഹോവേ എൻജിനീയറിങ് പ്രോജക്‌ട്‌സും നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് അവർ ഈ വാദമുന്നയിച്ചത്. ഹരജി ജസ്റ്റിസ് അനു ശിവരാമൻ വിധി പറയാൻ മാറ്റി.
തുറമുഖ നിർമാണം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടമാക്കിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹരജിയും കോടതിയിലെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ വീതവും പുനരധിവാസത്തിനായി 30 ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തുറമുഖ പദ്ധതിയുടെ 80 ശതമാനത്തോളം ജോലികൾ പൂർത്തിയായെന്നും പദ്ധതിക്കുവേണ്ടി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെപ്പോലും ഒഴിപ്പിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിന്‍റെ അഭിഭാഷകൻ വാദിച്ചു.
സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി സമരം നടത്തുന്നതിനാൽ കടുത്ത നടപടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാറും വ്യക്തമാക്കി. എന്നാൽ, ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വ്യവസ്ഥകൾ പാലിക്കാതെ നിർമാണം അനുവദിക്കരുതെന്നും സമരക്കാരുടെ അഭിഭാഷകർ വാദിച്ചു. നഷ്ടപരിഹാരം തേടി തിരുവനന്തപുരം സൗത്ത് കൊല്ലങ്കോട് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ആന്റോ ജോറിസ് ഉൾപ്പെടെ എട്ടുപേരാണ് ഹരജി നൽകിയത്. നാലു വർഷത്തിനിടെ സൗത്ത് കൊല്ലങ്കോട് മേഖലയിലെ 350 കുടുംബങ്ങൾക്ക് തീരമിടിഞ്ഞ് വീട് നഷ്ടമായെന്ന് ഹരജിക്കാർ ആരോപിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ അന്താരാഷ്ട്രതലത്തിൽ സമിതിക്ക് രൂപം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരം സംസ്ഥാന തലത്തിലേക്ക്; തുറമുഖങ്ങൾ ഉപരോധിക്കും
തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഉപരോധ സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത സഭ.
സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും തുറമുഖങ്ങൾ ഉപരോധിക്കുമെന്നും സമരസമിതി ജനറൽ കൺവീനർ ഫാ. യൂജിൻ പെരേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ കരാറിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച സി.എ.ജി, രാമചന്ദ്രൻ നായർ കമീഷൻ, വിജിലൻസ് കമ്മിറ്റി എന്നിവയുടെ റിപ്പോർട്ടുകൾ പുറത്തുവിടാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 29ന് സമരത്തിൽ പങ്കെടുത്ത വൈദികരെ ഉൾപ്പെടെ ആക്രമിച്ച പൊലീസുകാർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. തുറമുഖ നിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിലെ പ്രതിനിധികൾ ഉൾപ്പെട്ട വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിദഗ്ധ സമിതിയെന്ന നിർദേശം അട്ടിമറിച്ചാണ് എ.ഐ.ഒ.ടി എന്ന അദാനിയുടെ ഏജന്‍റിനെ നിയോഗിച്ചിരിക്കുന്നത്.
ഫ്ലാറ്റുകളിൽ പുനരധിവസിപ്പിക്കാമെന്ന തീരുമാനം സമ്മതിക്കാനാവില്ല. രണ്ടു മുതൽ ആറ് സെന്‍റ് വരെയുണ്ടായിരുന്ന കുടുംബങ്ങളുടെ ഭൂമിയും വീടുമാണ് നഷ്ടമായത്.
കെ-റെയിൽ പുനരധിവാസത്തിന് വലിയ വാഗ്ദാനമാണ് സർക്കാർ നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് മൂന്ന് സെന്‍റ് ഭൂമി ലഭ്യമാക്കി വീട് നിർമിച്ച് നൽകാൻ സർക്കാർ തയാറാവണം. വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് നിർമാണം പുരോഗമിക്കുമ്പോൾ വലിയതുറ, പൂന്തുറ പ്രദേശങ്ങൾ അപ്രത്യക്ഷമാവും.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിൽ മണൽ അടിഞ്ഞ് ആഴം നഷ്ടമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, അംഗങ്ങളായ ഫാ. ഷാജിൻ ജോസ്, ഫാ. ഫ്രെഡി സോളമൻ, പാട്രിക് മൈക്കേൽ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.