തലസ്ഥാനം സ്തംഭിപ്പിക്കാൻ വിഴിഞ്ഞം സമരസമിതി
text_fieldsതിരുവനന്തപുരം: ഒക്ടോബർ 17ന് നഗരം സ്തംഭിപ്പിക്കാനൊരുങ്ങി വിഴിഞ്ഞം വാണിജ്യ തുറമുഖ വിരുദ്ധ സമരസമിതി. നഗരത്തിലെ എട്ടു റോഡുകൾ ഏഴു മണിക്കൂറോളം സ്തംഭിപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി തീരുമാനം. ആറ്റിങ്ങൽ, ചാക്ക, സെക്രട്ടേറിയറ്റ്, സ്റ്റേഷൻ കടവ്, കുമരിച്ചന്ത, തിരുവല്ലം, പൂവാർ ഉൾപ്പെടെ എട്ടിടത്താണ് റോഡ് ഉപരോധിക്കുക.
രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നു വരെയാകും ഉപരോധം. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാതാക്കളായ അദാനി പോർട്സ് ആൻഡ് എസ്.ഇ.ഇസഡിനെ ചർച്ചക്ക് വിളിച്ച സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തോട് മുഖം തിരിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. രണ്ടുമാസം പിന്നിട്ട ഉപവാസ സമരം വിഴിഞ്ഞം തുറമുഖ കവാടത്തിനു സമീപം സമാധാനപരമായി നടക്കുമ്പോഴും സമവായത്തിന് സർക്കാറോ മുഖ്യമന്ത്രിയോ മുൻകൈയെടുക്കാത്തതിൽ ഘടകകക്ഷികൾക്കും അഭിപ്രായ വ്യത്യാസമുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിസഭ ഉപസമിതിക്കും പിന്നാലെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമരസമിതിയുമായും തിരുവനന്തപുരം ലത്തീൻ അതിരൂപത അധികൃതരുമായും ചർച്ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് നിർദേശിക്കുമെന്ന് എം.വി. ഗോവിന്ദൻ പ്രസ്താവിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. എന്നാൽ, അദാനി ഗ്രൂപ്പിനുണ്ടായെന്നുപറയുന്ന നഷ്ടം സമരസമിതിയിൽനിന്ന് ഈടാക്കണമെന്ന് സർക്കാറിനോട് തുറമുഖ കമ്പനി ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ, സമവായ സാധ്യതയും മങ്ങി. തുറമുഖ നിർമാണം ഉടൻ നിർത്തണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാൻ സമരസമിതി ഒരുക്കമല്ല. തുറമുഖ നിർമാണത്തിന്‍റെ ആഘാതം പഠിക്കാൻ തങ്ങൾക്കു കൂടി പ്രാതിനിധ്യമുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും സർക്കാർ തള്ളി.
സര്‍ക്കാർ അദാനി ധാരണ -വി.ഡി. സതീശൻ
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാറും അദാനിയും തമ്മില്‍ ധാരണയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുറമുഖം വരുന്നതുകൊണ്ടാണ് തീരശോഷണമുണ്ടായതും വീടുകള്‍ നഷ്ടപ്പെട്ടതും. എന്നാല്‍, കാലാവസ്ഥ വ്യതിയാനമാണ് കാരണമെന്ന അദാനിയുടെ അതേ നിലപാടിലാണ് സംസ്ഥാന സര്‍ക്കാറും.
അദാനിയുമായി ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. സമരം ചെയ്തതിന് മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ കേരളത്തില്‍ സി.പി.എമ്മിന്റെയും നേതാക്കളുടെയും എല്ലാ സ്വത്തുക്കളും വില്‍ക്കേണ്ടിവരുമായിരുന്നു. കേരളത്തില്‍ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച ഏക പാര്‍ട്ടി സി.പി.എമ്മാണ്. വിഴിഞ്ഞത്തെ സാധാരണ മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അതിനെ ആര് ചോദ്യം ചെയ്താലും സമരത്തിന്റെ കാരണങ്ങള്‍ക്കൊപ്പമാണ് പ്രതിപക്ഷമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബസമേതമുള്ള വിദേശയാത്ര ഒരു സുതാര്യതയുമില്ലാത്ത തട്ടിക്കൂട്ട് യാത്രയാണ്. വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സാധിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിനുപോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വര്‍ണക്കടത്ത് കേസിൽ കേന്ദ്ര ഏജന്‍സികളും സി.പി.എം നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയെന്ന ആരോപണം ശരിവെക്കുന്ന നടപടികളാണുണ്ടാകുന്നത്. കേന്ദ്ര ഏജന്‍സികള്‍ എല്ലായിടത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കേരളത്തിലെ സി.പി.എമ്മുമായി അവര്‍ സൗഹൃദത്തിലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.