സമരം ചരിത്രപരം -വിഴിഞ്ഞം സമരസമിതി
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ചരിത്രപരമായിരുന്നു 138 ദിവസം നീണ്ട പ്രക്ഷോഭമെന്നും സംതൃപ്തിയോടെയല്ല അവസാനിപ്പിക്കുന്നതെന്നും സമരസമിതി ജനറൽ കൺവീനർ ഫാ. യൂജിൻ പെരേര. ഏത് സമരമായാലും എല്ലാ ആവശ്യങ്ങളും നേടിയിട്ടല്ലല്ലോ അവസാനിക്കുക. സമരമാകുമ്പോൾ പല ഘട്ടങ്ങളുണ്ടാകും. വിഴിഞ്ഞത്തെ സംബന്ധിച്ച് ഒന്നാംഘട്ട സമരമാണ് പിൻവലിക്കുന്നത്. തൽക്കാലം ഞങ്ങൾ നിർത്തുകയാണ്. തീരശോഷണമടക്കം ചൂണ്ടിക്കാട്ടിയ ഗൗരവമേറിയ കാര്യങ്ങളിലും പറഞ്ഞ സത്യങ്ങളിലും ഉറച്ചുനിൽക്കുന്നു.
പഠനവും ചർച്ചയും തുടർന്ന് കൊണ്ടുപോകും. സ്ഥിതിഗതികളുടെ ഗൗരവ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്തും. പഠനങ്ങളിലും ഹൈകോടതി ഇടപെടലുകളിലും പ്രതീക്ഷയർപ്പിക്കുന്നു. സി.എസ്.ആർ ഫണ്ട് കൂടി വാങ്ങി വീട്ടുവാടക 5500ൽ നിന്ന് 8000 രൂപയാക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഞങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഏതെങ്കിലും തുക കണ്ടുകൊണ്ടല്ല സമരം ചെയ്തത്. ന്യായങ്ങൾകൂടി സ്ഥാപിച്ച് കിട്ടാനാണ്.
ആ ന്യായങ്ങൾ സ്ഥാപിക്കുന്നതിനായി ഏർപ്പാടുകൾക്കൊന്നും തയാറല്ല. അക്രമവുമായി ബന്ധപ്പെട്ടല്ല, അല്ലാതെയും കേസുകൾ എടുത്തിട്ടുണ്ട്. താനൊക്കെ അറസ്റ്റ് വരിക്കാൻ തയാറായി നിൽക്കുകയാണ്. തുറമുഖം നിർമിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, തീരം കടലെടുക്കുന്നു. ഇതൊന്നും പരിഗണിക്കപ്പെടുന്നില്ല. ജുഡീഷ്യറിയെ സമീപിക്കാനുള്ള സാധ്യതകളും ആരായുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.