വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരം നൂറ് ദിവസത്തോടടുക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഹ്വാനം. 27ന് കരയിലും കടലിലും സമരം നടത്താന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സമരം തുടങ്ങിയശേഷം ഇത് ആറാം തവണയാണ് അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. 27ന് വലിയതുറ, കോവളം, പുല്ലുവിള ഫൊറോനകൾ മുള്ളൂർ കേന്ദ്രീകരിച്ച് കര സമരവും അഞ്ചുതെങ്ങ്, പുതുക്കുറിച്ചി ഫൊറോനകൾ മുതലപ്പൊഴി കേന്ദ്രീകരിച്ച് കടൽസമരവും നടത്താനാണ് നിർദേശം.
എല്ലാ ഇടവകകളില്‍ നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണം. വലിയ ഇടവകകളിൽ നിന്ന് 250 ൽ കുറയാത്ത അംഗങ്ങളും ചെറിയ ഇടവകകളിൽ നിന്ന് നൂറിൽ കുറയാത്ത അംഗങ്ങളും രാവിലെ പത്തോടെ നിർദിഷ്ട സമരകേന്ദ്രങ്ങളിലെത്തണം. തുറമുഖകവാടത്തിനുമുന്നിൽ നടത്തുന്ന സമരത്തിനുപുറമേയാണ് ഇത്. എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്. തീരദേശമേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരത്തിലാണെങ്കിലും ഇതുവരെയും ഒരുവിധ തീരുമാനവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സർക്കുലർ ആരോപിക്കുന്നു. 101ാം ദിവസം മുതലുള്ള സമരപരിപാടികളെക്കുറിച്ച് സമരസമിതി ആലോചിച്ച് നിർദേശങ്ങൾ നൽകുമെന്നും സർക്കുലറിൽ പറയുന്നു. ഒക്ടോബർ 17 ലെ ഉപരോധ പരിപാടികൾ വിജയകരമാണെന്നാണ് സർക്കുലറിലെ വിലയിരുത്തിൽ. പ്രാദേശിക വിദഗ്ധരില്ലാതെ മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാനുള്ള സര്‍ക്കാര്‍ നീക്കം സമരസമിതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.