വിഴിഞ്ഞം സമരം നിയമസഭ ചർച്ച ചെയ്യും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം നിയമസഭയിൽ ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകി. സഭ നിര്‍ത്തി വെച്ച് രണ്ടുമണിക്കൂർ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പ്രതിപക്ഷത്ത് നിന്ന് കോവളം എം.എൽ.എ എം. വിൻസന്റ് ആണ് നോട്ടീസ് നൽകിയത്. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് നേരെ സർക്കാർ കണ്ണടക്കുകയാണെന്നും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.
സ്പീക്കർ നോട്ടീസ് വായിച്ചതിന് പിന്നാലെ വിഷയം കേരളത്തിലെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് ചർച്ച ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ഇന്നലെ മന്ത്രിസഭ ഉപസമിതിയും വിഴിഞ്ഞം സമരസമിതിയും തമ്മിൽ തീരുമാനിച്ച ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നില്ല. ഒത്തുതീർപ്പ് വ്യവസ്ഥകളുടെ കാര്യത്തിൽ സർക്കാർതലത്തിൽ ധാരണയിലെത്താത്ത സാഹചര്യത്തിലാണ് ചർച്ച മുടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരത്തേക്ക് ചർച്ച മാറ്റിയിരിക്കുകയാണ്. അനുരഞ്ജനങ്ങൾക്കും മധ്യസ്ഥ ശ്രമത്തിനുമൊടുവിൽ നാലു കാര്യങ്ങളാണ് ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി ഉയർന്നത്.
വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍നിന്ന് 8000 രൂപയാക്കുക, തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തുക, സംഘർഷത്തിന്‍റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക, സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക എന്നിവയാണിവ. ഇതുസംബന്ധിച്ച് മന്ത്രിമാരായ കെ. രാജൻ, ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹിമാൻ എന്നിവരങ്ങിയ ഉപസമിതി ചർച്ച നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, സമരസമിതി നിർദേശിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തണമെന്നതിലടക്കം സർക്കാർതലത്തിൽ ധാരണയിലെത്താനായില്ല. വാടകയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ചർച്ച ചൊവ്വാഴ്ച വൈകുന്നേരത്തേക്ക് മാറ്റിയത്. ഇതിന് മുമ്പ് മന്ത്രിതല ഉപസമിതിയും യോഗം ചേരും. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.