ചർച്ച പരാജയം; വിഴിഞ്ഞം സമരം തുടരും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിസഭ ഉപസമിതി സമരസമിതിയുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയിലും സമവായമായില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവെച്ച് ഒത്തുതീർപ്പിനില്ലെന്നാണ് സർക്കാർ സമരസമിതി നേതാക്കളെ അറിയിച്ചത്. തങ്ങളുടെ ഏഴിന ആവശ്യങ്ങളില്‍ സര്‍ക്കാറിന്റെ നടപടി എന്താണെന്ന് വിശദീകരിക്കണമെന്ന് ചർച്ചയിൽ സമരസമിതി ആവശ്യപ്പെട്ടു. തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരത്തിലേക്ക് പോകാമെന്നായിരുന്നു മറുപടി.
സമരത്തിന് കാരണമായ വിഷയങ്ങള്‍ മന്ത്രിസഭ ഉപസമിതി യോഗത്തിലും വ്യക്തമായി അവതരിപ്പിച്ചതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ എച്ച്. പെരേര ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സമരസമിതി അംഗങ്ങളെ അറിയിച്ചശേഷം വരും ദിവസങ്ങളില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും. സമരം സംബന്ധിച്ച് സമരസമിതിയെ കൂടി കേള്‍ക്കാനുള്ള സമീപനമാണ് ഹൈകോടതി സ്വീകരിച്ചത്. തുറമുഖ നിര്‍മാണം സംബന്ധിച്ച് ഹരിത ട്രൈബ്യൂണലിനെ സമീപിക്കണമോയെന്ന കാര്യം അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറക്കാനുള്ള ശിപാർശ ധനമന്ത്രിക്ക് സമര്പ്പിെച്ചന്ന് മന്ത്രിസഭ ഉപസമിതി അറിയിച്ചതായി മോണ്‍. യൂജിന്‍ പെരേര കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വീണ്ടും ചർച്ച നടക്കുന്നുണ്ട്.
ചര്‍ച്ചയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാജന്, വി. അബ്ദുറഹിമാന്, ആന്റണി രാജു, ജി.ആര്. അനിൽ, കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും സമരസമിതിയെ പ്രതിനിധീകരിച്ച് യൂജിന്‍ എച്ച്. പെരേര, ജെയിംസ് കുലാസ്, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. ഷാജിന് ജോസ്, ഫാ. മൈക്കിള്‍ തോമസ്, ഫാ. ഹൈസിന്ത് നായകം, ഫാ. ജോണ്‍ ബോസ്കോ, ഫാ. ലോറന്‍സ് കുലാസ്, ജോയി ജറാള്‍ഡ്, പാട്രിക് മൈക്കിള്‍, നിക്സന് ലോപ്പസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.