വിഴിഞ്ഞം: പ്രവേശനം തടയാതിരിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്കും ജീവനക്കാർക്കും തടസ്സമില്ലാതെ പ്രവേശിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. നിർമാണ സ്ഥലത്ത് പ്രവേശിക്കാൻ തൊഴിലാളികൾക്ക് തടസ്സങ്ങളില്ല. വാഹനങ്ങൾക്കും തടസ്സമില്ലാതെ പ്രവേശിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് തുറമുഖ നിർമാണം നിലച്ചെന്ന് കാട്ടി നൽകിയ ഹരജിയിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാറും പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്‌ട്‌സ് ലിമിറ്റഡും നൽകിയ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമൻ, നിർമാണം മുടങ്ങാതിരിക്കാൻ പൊലീസും സർക്കാറുമടക്കം എതിർകക്ഷികൾ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ ഉത്തരവിട്ടു. തുടർന്ന് ഹരജി ഒക്ടോബർ ഏഴിന് പരിഗണിക്കാൻ മാറ്റി.
മതിയായ പൊലീസ് സംരക്ഷണം നൽകാൻ സെപ്റ്റംബർ ഒന്നിനാണ് ഇടക്കാല ഉത്തരവ് നൽകിയത്. കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ, പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കി സർക്കാർ അക്കാര്യം അറിയിക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ തടസ്സങ്ങളില്ലെന്ന് വെള്ളിയാഴ്ച സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, 43 ദിവസമായി നിർമാണം മുടങ്ങിയിരിക്കുകയാണെന്നും വാഹനങ്ങൾക്കു കടക്കാൻ കഴിയാത്ത തരത്തിലാണ് റോഡിൽ സമരപ്പന്തൽ നിർമിച്ചിരിക്കുന്നതെന്നും ഹരജിക്കാർ വാദിച്ചു. തികച്ചും സമാധാനപരമാണ് സമരമെന്ന് സമരക്കാരും വ്യക്തമാക്കി. പൊതുവഴി തടസ്സപ്പെടുത്തി സമാധാനപരമായി സമരം ചെയ്യുന്നത് എങ്ങനെയെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു.
പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയോയെന്ന് സർക്കാറിനോടും ആരാഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനെത്തുടർന്ന് പ്രദേശം കടലെടുക്കുമെന്നതടക്കമുള്ള വാദങ്ങൾ സമരക്കാർ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ആ വിഷയങ്ങളല്ല ഹരജിയിൽ പരിഗണിക്കുന്നതെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.