വിഴിഞ്ഞം: തിരിച്ചടികളുണ്ട്, താൽക്കാലികം -മന്ത്രി ദേവർകോവിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ ഇപ്പോഴുള്ള തിരിച്ചടികൾ താല്‍ക്കാലികമാണെന്നും അടുത്തവര്‍ഷം അവസാനത്തോടെ തുറമുഖത്തുനിന്ന് കപ്പല്‍ ഗതാഗതം ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമമമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം അതിവേഗം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. ഇതോടെ, ഇന്ത്യയുടെ രാജ്യാന്തര കവാടമായി കേരളം മാറും. മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക് ലോയേഴ്സ് അസോസിയേഷൻ (എം-ക്ലാറ്റ്) രണ്ടാം വാര്‍ഷികാഘോഷവും മാരിടൈം ദിനാഘോഷവും പ്രസ്ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂറ്റന്‍ മദര്‍ഷിപ്പുകളാണ് ഇന്ന് രാജ്യാന്തര ചരക്കുകടത്തിന്റെ പ്രധാനമാര്‍ഗം. മദര്‍ പോര്‍ട്ടുകള്‍ നിലവിലില്ലാത്തത് ഈ രംഗത്ത് ഇന്ത്യക്ക് ഗണ്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ലോകത്ത് ഇപ്പോള്‍ സര്‍വിസ് നടത്തുന്ന ഏറ്റവും വലിയ കപ്പലിനും അടുക്കാന്‍ കഴിയുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്തിട്ടുള്ളത്.
വിഴിഞ്ഞം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ അഴീക്കലില്‍ 3000 കോടി രൂപ മുതല്‍ മുടക്കിൽ ചെറുകിട തുറമുഖം സ്ഥാപിക്കാനുള്ള നടപടികളും ആരംഭിക്കും. ഇതുകൂടി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തിന്റെ 600 കി.മീറ്റർ തീരപ്രദേശവും ചരക്കുനീക്കത്തിന്റെ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. എം-ക്ലാറ്റ് സെക്രട്ടറി അഡ്വ കെ.ജെ. തോമസ് കല്ലമ്പള്ളി രചിച്ച 'കടലും കപ്പലും' പുസ്തകത്തിന്റെ പ്രകാശനം കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ളക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ. പരവൂര്‍ ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.