വിഴിഞ്ഞം ഭൂഗർഭ പാത: സ്ഥലമെടുപ്പിന് മാത്രം വേണ്ടത് 200 കോടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായ വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പാതയുടെ നിർമാണത്തിന് ആവശ്യമായ സ്ഥലമെടുപ്പിന് മാത്രം 200 കോടി ചെലവ് വരുമെന്ന് വിലയിരുത്തൽ. പള്ളിച്ചല്‍, വിഴിഞ്ഞം, ബാലരാമപുരം, അതിയന്നൂര്‍ വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്. 6.04 ഹെക്ടര്‍ സ്ഥലമാണ് ആകെ ഏറ്റെടുക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിന് സമാന്തരമായി കടന്നുപോകുന്ന പാത ശരാശരി 30 മീറ്റര്‍ ആഴത്തിലായിരിക്കും.
പദ്ധതിയുടെ ഭാഗമായി ബാലരാമപുരം റെയില്‍വേ സ്റ്റേഷന് നിലവിലുള്ളിടത്തുനിന്ന് മാറ്റിസ്ഥാപിച്ച് സിഗ്നലിങ് സ്റ്റേഷനാക്കും. 10.7 കിലോമീറ്റര്‍ ദൈർഘ്യമുള്ള പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലാണ്. പാത നിർമാണത്തിനായി 6.43 ഹെക്ടര്‍ സ്ഥലമാണ് വേണ്ടതെങ്കിലും നിലവിലെ റെയിൽവേപാതയുമായി ബന്ധപ്പെടുത്തുന്നതിനും മറ്റുമായി 3.5 ഹെക്ടര്‍ കൂടി വേണ്ടതുണ്ട്. ഇത് റെയില്‍വേയിൽനിന്ന് വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ വിസില്‍ പാട്ടത്തിനെടുക്കാനാണ് ആലോചിക്കുന്നത്. 70 കണ്ടെയ്നറുകള്‍ വരെ കയറ്റാവുന്ന റേക്കുകളായിരിക്കും സര്‍വിസ് നടത്തുക.
ഇതിനെല്ലാമുള്പ്പെടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (വിസില്‍) 1600 കോടി രൂപ നബാര്‍ഡില്‍നിന്ന് വായ്പയെടുക്കും. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് നിർമാണച്ചുമതല. പണി തുടങ്ങി നാല് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്. പാതയുടെ നിര്‍മാണത്തിന് ദക്ഷിണ റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ വിഴിഞ്ഞത്തുനിന്ന് നേമം വരെയെത്തുന്ന രീതിയിലാണ് റെയില്‍പാത വിഭാവനം ചെയ്തിരുന്നത്.
ഇതിനായി 66 ഹെക്ടര്‍ സ്ഥലം വേണ്ടിവരുമായിരുന്നു. ഇതാണ് പഴയ പദ്ധതി ഉപേക്ഷിച്ച് തുരങ്കപാതയിലേക്ക് മാറാൻ കാരണമായത്. തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോഴാണ് തീവണ്ടി വഴിയുള്ള ചരക്കുനീക്കം പ്രായോഗികമാവുക. ഭൂമിക്ക് മുകളിലൂടെ ആദ്യം വിഭാവനം ചെയ്ത പാതക്കായി നേരത്തെ ലഭിച്ച പാരിസ്ഥിതികാനുമതി ഭേദഗതി ചെയ്യുന്നതിന് സമർപ്പിച്ച അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.