വിഴിഞ്ഞം കരാർ: കോൺഗ്രസിൽ പോരിന് അരങ്ങൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാറിനെക്കുറിച്ച സി.എ.ജി റിപ്പോർട്ട് കോൺഗ്രസിൽ പുതിയ വിവാദത്തിന് തുടക്കമിട്ടു. റിപ്പോർട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ കത്ത് നൽകി. സമിതി ഉടൻ യോഗം ചേരുമെന്നും കത്ത് ചർച്ച ചെയ്യുമെന്നും ഹസനും വ്യക്തമാക്കി.
കരാർ ഒപ്പിട്ട ഘട്ടത്തിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. െഎ ഗ്രൂപ്പിലെ ചിലർക്ക് പുറമെ കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരനും എതിരഭിപ്രായക്കാരുടെ കൂട്ടത്തിലായിരുന്നു.
ബി.ജെ.പിയുടെ വിശ്വസ്തനായ അദാനിക്ക് കരാർ നൽകുന്നതിൽ കോൺഗ്രസ് ഹൈകമാൻഡിനും അതൃപ്തിയുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ അന്ന് കാര്യമായ ചർച്ചയുണ്ടായില്ല.
സി.എ.ജി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വി.എം. സുധീരനാണ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് സതീശെൻറ നീക്കം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഹസന് കെ.പി.സി.സി പ്രസിഡൻറായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ റിപ്പോർട്ട് ചര്‍ച്ചചെയ്യണമെന്ന ആവശ്യം ഹസനെ തന്നെ വെട്ടിലാക്കുന്നതാണ്.
ജുഡീഷ്യൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോകവേയാണ് സതീശെൻറ കത്ത് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. സി.എ.ജി റിപ്പോർട്ട് പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനും വി.ഡി. സതീശനാണ്. പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്ന വിഷയമായതിനാൽ ഗ്രൂപ് പോരായി കാണേണ്ടതില്ലെന്നാണ് െഎ ഗ്രൂപ് പറയുന്നത്.
രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും കൂടുമെന്നും പ്രത്യേകിച്ച് ആരും കത്ത് തരേണ്ട ആവശ്യമില്ലെന്നും എം.എം. ഹസൻ പറഞ്ഞു. തീയതി ചൊവ്വാഴ്ച തീരുമാനിക്കും. യോഗത്തിൽ ഇൗ വിഷയവും ചർച്ച ചെയ്യും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിെൻറ സ്വപ്്ന പദ്ധതിയാണ് വിഴിഞ്ഞം. കാൽനൂറ്റാണ്ടായി മാറിമാറി വന്ന സർക്കാറുകൾക്ക് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. അത് നടപ്പാക്കാൻ ധീരമായ നടപടിയാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. അതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി- ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.