വി.കെ. അബ്ദു: വിടവാങ്ങിയത് ബഹുമുഖ പ്രതിഭ
text_fieldsമലപ്പുറം: വിവര സാങ്കേതികവിദ്യ പ്രചാരകനും 'ഇൻഫോ മാധ്യമം' എഡിറ്ററുമായിരുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി 'വർദ ഹൗസി'ൽ വി.കെ. അബ്ദുവിെൻറ (73) നിര്യാണത്തോടെ നഷ്ടമായത് ബഹുമുഖ പ്രതിഭയെ. വിവരസാങ്കേതികവിദ്യ രംഗത്തെ ആദ്യകാല മാധ്യമപ്രവർത്തകനും 'മാധ്യമം' തുടങ്ങിയ 'ഇൻഫോ മാധ്യമം' എന്ന പംക്തിയുടെ എഡിറ്ററുമായിരുന്നു. ഇൻഫർമേഷൻ ടെക്നോളജി പാഠ്യവിഷയമാവുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ അദ്ദേഹം നാട്ടിലും മറുനാട്ടിലും കമ്പ്യൂട്ടർ പരിചയപ്പെടുത്തി.
'ഡി ഫോർ മീഡിയ' ഡയറക്ടറായി തഫ്ഹീമുൽ ഖുർആൻ മലയാളം പരിഭാഷയുടെ ഡിജിറ്റൽ പതിപ്പ് തയാറാക്കി. വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളജ് പഠന ശേഷം പാലക്കാട് ആലത്തൂർ ഇരട്ടക്കുളത്ത് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സൗദി അറേബ്യയിലെത്തി. അവിടെവെച്ചാണ് വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയത്. 1998ൽ 'ഇൻറർനെറ്റ് ലോകം', 1999ൽ 'കമ്പ്യൂട്ടർ ലോകം' എന്നീ പുസ്തകങ്ങളുമെഴുതി.
നേരിട്ടും 'മാധ്യമ'ത്തിലെ ഇൻഫോമാധ്യമം പേജിലൂടെയും മറ്റു ആനുകാലികങ്ങളിലൂടെയും വിവരസാങ്കേതിക വിദ്യയുടെ മഹാലോകം അദ്ദേഹം തുറന്നുവെച്ചു. ഇൻഫോ കൈരളി മാസികയിൽ കോളമിസ്റ്റായിരുന്നു. ജൈവ കൃഷിരീതികൾ വിജയകരമായി പരീക്ഷിക്കുകയും സമൂഹ മാധ്യമങ്ങളിൽ അതിെൻറ പ്രചാരകനാവുകയും ചെയ്തു. ശാന്തപുരം അൽ ജാമിഅ ഇസ്ലാമിയ ഐ.ടി വിഭാഗം മേധാവിയായിരുന്നു.
ചെമ്മാട് ദാറുൽഹുദ അടക്കം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അബ്ദുവിെൻറ സേവനം ഉപയോഗപ്പെടുത്തി. മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ ഭരണസമിതി സെക്രട്ടറി, ഇരുമ്പുഴി വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മലപ്പുറം ഫലാഹിയ അറബിക് കോളജ് മാനേജ്മെൻറ് കമ്മിറ്റി അംഗവുമായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് വിടവാങ്ങിയത്. മയ്യിത്ത് ബുധനാഴ്ച രാവിലെ ഇരുമ്പുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: ഖദീജ. മക്കൾ: അബ്ദുസലാം, ഹാരിസ്, ഷഫീഖ് (മൂവരും സൗദി), വി.കെ. ശമീം (സബ് എഡിറ്റർ, മാധ്യമം, കോഴിക്കോട്). മരുമക്കൾ: നസീബ (പൂക്കോട്ടൂർ), തസ്നിയ മോൾ (പുല്ലൂർ), ഖദീജ ഷുഹാന (വാഴക്കാട്), സജ്ന (തുവ്വൂർ). സഹോദരങ്ങൾ: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ്, അലി, സമദ്, ആയിശ, ഖദീജ. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, ശൂറ അംഗം എച്ച്. ഷഹീർ മൗലവി, 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ്, ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ്, െഡപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, മലപ്പുറം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.