കോൺഗ്രസിന് വോട്ടഭ്യർഥിക്കാതെ പ്രസംഗം അവസാനിപ്പിച്ച വി.കെ. കൃഷ്ണമേനോൻ!
text_fieldsമുതിർന്ന സി.പി.എം നേതാവും മുൻ തദേശസ്വയംഭരണ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി 1965ലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മങ്കട അസംബ്ലി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ചൈന ചാരന്മാർ എന്നാരോപിച്ച് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലിടുന്ന കാലമാണ്. ഇ.എം.എസ് ഒഴിച്ച് കേരളത്തിലെ എതാണ്ടെല്ലാ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. മങ്കടയിൽ മത്സരിക്കണമെന്ന പാർട്ടി തീരുമാനം പാലോളിയെ അറിയിച്ചത് സംസ്ഥാന കമ്മിറ്റിയംഗം രാഘവ പിഷാരടിയാണ്. ലീഗ് സ്ഥാനാർഥി കെ.കെ.എസ്. തങ്ങളായിരുന്നു പാലോളിയുടെ പ്രധാന എതിരാളി, കോൺഗ്രസ് സ്ഥാനാർഥിയായി ശേശു അയ്യരും. പ്രചാരണത്തിന്റെ മൂർധന്യത്തിൽ മുൻ കേന്ദ്ര പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ മണ്ഡലത്തിൽ പ്രചാരണത്തിനുവന്നു. കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. വിദേശകാര്യ വിദഗ്ധനായ കൃഷ്ണമേനോൻ പ്രസംഗത്തിൽ അന്തർദേശീയമായ കുറേ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. കേരള രാഷ്ട്രീയത്തെ സംബന്ധിച്ചോ, എതിർപാർട്ടികളുടെ പോരായ്മകളെ കുറിച്ചോ അദ്ദേഹം യാതൊന്നുംതന്നെ പരാമർശിക്കുന്നുണ്ടായിരുന്നില്ല. അവസാനം, പരിപാടിയുടെ സംഘാടകർ ഒരു സ്ലിപ്പ് കൊടുത്തു, അത് നോക്കി വി.കെ. കൃഷ്ണമേനോൻ ഇങ്ങനെ പറഞ്ഞു. ‘‘ങാ... ഇവിടെ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്, ഏറ്റവും നല്ല യോഗ്യനായ സ്ഥാനാർഥിക്ക് വോട്ടുകൊടുക്കണം’’ ഇത് കേട്ടപാടെ നേതാക്കളുടെ മുഖം വിവർണമായി.
കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിനു വന്ന വി.കെ. കൃഷ്ണമോനോൻ, അദ്ദേഹത്തിന് വോട്ടഭ്യർഥിക്കാതെയാണ് പ്രസംഗം അവസാനിപ്പിച്ചത്. 1965ൽ മങ്കടയിൽനിന്നും പാലോളി 1293 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേർന്നില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിന്റെ 23 നേതാക്കൾ ജയിലിൽ ആയിരുന്നു. കരുതൽ തടങ്കൽ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അവർ ജയിലിൽനിന്ന് നോമിനേഷൻ കൊടുത്താണ് ജയിച്ചത്. ജയിച്ചശേഷവും ജയിലിൽനിന്ന് വിടാത്തതിനാൽ, സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. പിന്നീട്, നിയമസഭ അസാധുവായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.