ഏത് ‘ബജ്റംഗി’യാണ് ഈ നാടകത്തിന്റെ തിരക്കഥാകൃത്ത്? നാളെ കോടതിയിൽ ഫയൽ ചെയ്യുന്ന കുറ്റപത്രം ബി.ജെ.പി നേതാവിന്റെ ചാനൽ ഇന്ന് പുറത്തു വിടുന്നതെങ്ങനെ? -വി.കെ. സനോജ്
text_fieldsകണ്ണൂർ: കേന്ദ്രസർക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജൻസി നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് പറയുന്ന കുറ്റപത്രം ബി.ജെ.പി നേതാവിന്റെ ചാനൽ ഇന്ന് പുറത്തു വിടുന്നതെങ്ങനെയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ബി.ജെ.പി കാര്യാലയത്തിൽ നിന്നാണോ ചാർജ് ഷീറ്റ് തയാറാക്കിയതെന്നും ഏത് 'ബജ്റംഗി'യാണ് ഈ നാടകത്തിന്റെ തിരക്കഥാകൃത്തെന്നും സനോജ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) തയാറാക്കിയ കുറ്റപത്രം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സനോജിന്റെ ചോദ്യം. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങൾക്കുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
വെട്ടിപ്പ് നടത്തിയ തുകയോ അതിന്‍റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം. ക്രമക്കേട് കണ്ടെത്തിയുള്ള എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിവഴി വിചാരണ നടപടികൾ ഉടൻ തുടങ്ങും. വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കും.
എക്സാലോജിക് എം.ഡിയായ വീണ വിജയന് പുറമെ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജോയന്‍റ് എം.ഡി ശരൺ എസ്. കർത്ത, സി.എം.ആർ.എൽ സി.ജി.എം ഫിനാൻസ് പി. സുരേഷ് കുമാർ, സി.എഫ്.ഒ കെ. സുരേഷ് കുമാർ, സി.എം.ആർ.എല്ലിന്‍റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ കെ.എ. സംഗീത് കുമാർ, എ.കെ. മുരളീകൃഷ്ണൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ശശിധരൻ കർത്തക്കും സി.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ കമ്പനികാര്യ ചട്ടം 447 ന് പുറമെ, കൂടുതൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ.ഒയുടെ 166 പേജുള്ള കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. കള്ളക്കണക്കുണ്ടാക്കി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് സി.എം.ആർ.എൽ നൽകിയത് 182 കോടിയാണെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആർക്കൊക്കെയാണ് ഈ പണം നൽകിയതെന്ന വിവരം കുറ്റപത്രത്തിലില്ല. വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി കരാറുണ്ടാക്കി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മൊത്തം 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. എന്നാൽ, ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ വീണക്കും എക്സാലോജിക്കിനും കിട്ടിയത് 2.70 കോടി രൂപയാണെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. സി.എം.ആർ.എല്ലിൽ നിന്നും എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ് എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്.
ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാർ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദ് പണിക്കർക്ക് അനധികൃതമായി 13 കോടി രൂപ കമീഷൻ നൽകി. ആനന്ദ് പണിക്കർ, ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി കൃതിമ ബില്ലുകൾ തയാറാക്കിയായിരുന്നു വെട്ടിപ്പ്. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്കുശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം എസ്.എഫ്.ഐ.ഒയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആദ്യം ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെൻറ് ബോർഡും പിന്നീട്, ആർ.ഒ.സിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോൾ എസ്.എഫ്.ഐ.ഒ അന്വേഷണത്തിലും തെളിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.