കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി.കെ. ശശിധരൻ അന്തരിച്ചു
text_fieldsചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരൻ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. ഭാര്യ: വസന്ത ലത. മകള്‍: ദീപ്തി.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയാണ്. ആലുവ യു.സി കോളജിലും തിരുവനന്തപുരം എൻജിനീയറിങ് കോളജിലും പഠനം. തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്തെ പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകന്. വകുപ്പ് തലവനായിരിക്കെ 1993ല്‍ ജോലിയില്‍നിന്നും വിരമിച്ചു.
സംഗീതത്തിന്റെ മാസ്മരികമായ വശ്യത കൊണ്ടും സ്വരഗാംഭീര്യം തുളുമ്പുന്ന ആലാപന സവിശേഷതയാലും വി.കെ. ശശിധരന് വേറിട്ടുനിന്നു. ശാസ്ത്രാവബോധം വളർത്തുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പരിഷത്ത് തങ്ങളുടെ ആശയപ്രചാരണങ്ങള്‍ക്കായി ശാസ്ത്രകലാ ജാഥകള്‍ ആരംഭിച്ച കാലം മുതല്‍ വി.കെ.എസ് അതിെൻറ അമരക്കാരനായിരുന്നു.
രണ്ടു ദശാബ്ദക്കാലത്തിലേറെക്കാലം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി, വൈസ്പ്രസിഡൻറ്, പലവട്ടം സംസ്ഥാന കമ്മിറ്റി അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ശാസ്ത്രകലാ ജാഥകള്‍, ബാലവേദി പ്രസിദ്ധീകരണസമിതി സംസ്ഥാന കണ്‍വീനര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിരുന്നു.
ബെർടോൾഡ് െബ്രഹ്ത്, ഡോ. എം.പി. പരമേശ്വരന്, മുല്ലനേഴി, കരിവെള്ളൂര്‍ മുരളി തുടങ്ങിയവരുടെ രചനകള്‍ സംഗീതശിൽപങ്ങളായും സംഘഗാനങ്ങളായും ലഘുനാടകങ്ങളായും ശാസ്ത്രകലാജാഥകളില് അവതരിപ്പിക്കപ്പെട്ടു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലുമായി അഞ്ചു വര്‍ഷത്തോളം അധ്യാപകവൃത്തിയില്‍ നിന്ന് അവധിയെടുത്ത് പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കലാജാഥകളില്‍ പങ്കെടുത്ത് പാടിയും അഭിനയിച്ചും കേരളമൊട്ടുക്കും സഞ്ചരിച്ചു.
സ്കൂള്‍ പഠനകാലത്ത് ആറു വര്‍ഷത്തോളം ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുണ്ട്. പരമുദാസ് ഭാഗവതര്‍ എന്ന ഗുരു വീട്ടില്‍വന്ന് പഠിപ്പിക്കുകയായിരുന്നു. വിദ്യാർഥിയായിരിക്കുമ്പോള്‍തന്നെ 'കുട്ടി ഹാര്‍മോണിസ്റ്റ്' എന്ന പദവിയില്‍ സുപ്രസിദ്ധ കാഥികന് കെടാമംഗലം സദാനന്ദന് തെൻറ കുറച്ചു വേദികളില്‍ ഹാര്‍മോണിസ്റ്റായും പിന്പാട്ടുകാരനായും അവസരം നല്‍കിയിരുന്നു.
കാമ്പസ് കാലഘട്ടങ്ങളിലും കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതമിട്ടിരുന്നു. ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിനുവേണ്ടി കേരളത്തിലെ 'പോള്‍ റോബ്സണ്' എന്നറിയപ്പെട്ടിരുന്ന പി. കെ. ശിവദാസുമൊത്ത് അഗ്നിപുത്രി, സത്രം, ഉയിര്ത്തെഴുന്നേൽപ് എന്നീ നാടകങ്ങളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനും അവസരം ലഭിച്ചിരുന്നു. ശിവന്-ശശി എന്ന പേരിലായിരുന്നു അന്ന് അറിയപ്പെട്ടത്.
കണ്ണൂര്‍ സംഘചേതനയുടെ 'ചെ ഗുവേര' നാടകത്തിനു വേണ്ടി ഈണമിട്ട 'ഹസ്താലാ വിക്റ്റോറിയാ സിയംപ്രെ' എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ കഥയെ ആധാരമാക്കി അടൂർ ഗോപാലകൃഷ്ണന് നിർമിക്കാനുദ്ദേശിച്ചിരുന്ന 'കാമുകി' എന്ന ചിത്രത്തിെൻറ സംഗീതസംവിധാനം നിര്‍വഹിച്ചത് ശിവന്-ശശിമാരായിരുന്നു. ഈ ചിത്രത്തിനുവേണ്ടി യേശുദാസ്, എസ്. ജാനകി, സി.ഒ. ആന്റോ എന്നിവര്‍ പാടിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ചിത്രം പുറത്തുവന്നില്ല. ഈ ഗാനങ്ങളില്‍ ചിലത് പിന്നീട് 1978 ല്‍ രാജീവ്നാഥ് സംവിധാനം ചെയ്ത 'തീരങ്ങള്‍' എന്ന സിനിമയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളസാക്ഷരതാ സമിതി, മാനവീയം മിഷന്, ജനകീയാസൂത്രണ കാമ്പയിൻ എന്നിവക്കുവേണ്ടിയും സ്വന്തമായും ഇരുപതോളം ആല്‍ബങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രണയഗീതങ്ങള്‍, ഗീതാഞ്ജലി, മധുരം മലയാളം, മലയാള മധുരിമ (ഇവ രണ്ടും മലയാള ഭാഷാകവിതകളാണ്), മഴ, പുലര്‍വെട്ടം, പടയൊരുക്കം, എന്റെ മണ്ണ് എന്റെ ആകാശം, ഒരിന്ത്യയെന്ന ഗീതകം, ശ്യാമഗീതങ്ങള്‍, നക്ഷത്രഗീതം എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന അവയില്‍ പലതും കുട്ടികള്‍ക്കായുള്ള ബാലോത്സവഗാനങ്ങളാണ് എന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.