മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന വി.എം. സുധീരന് ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രി വിട്ടു
text_fieldsതിരുവനന്തപുരം: 27 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആശുപത്രി വിട്ടു. ഇന്നാണ് ഡിസ്ചാര്‍ജ്ജ് ആയത്. ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർക്കും നന്ദി പറഞ്ഞ് ഇന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
കുറിപ്പ് വായിക്കാം:
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറിയും തുടര്‍ ചികിത്സയുമായി 27 ദിവസം പിന്നിട്ടു. ഇന്നാണ് ഡിസ്ചാര്‍ജ്ജ് ആയത്. യൂറോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ H.O.D. ആയിട്ടുള്ള ഡോ.സതീഷ് കുമാര്‍ കുറുപ്പിന്റെ നേതൃത്വത്തിലാണ് സര്‍ജ്ജറി നടന്നത്. അദ്ദേഹത്തോടും സഹപ്രവര്‍ത്തകരായ ഡോ.മനോജ്, ഡോ.സുനില്‍ എന്നിവരോടും അവരോടൊപ്പമുള്ള സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരായ ഡോ.സുധീര്‍, ഡോ.അന്നപ്പ, ഡോ.ഹിമാംശു, ഡോ.നാഗരാജ് എന്നിവരോടും എനിക്കുള്ള കടപ്പാട് കൃതജ്ഞതാപുരസ്സരം രേഖപ്പെടുത്തുന്നു.
അനസ്തീഷ്യാ വിഭാഗത്തിന്റെ മേധാവി ഡോ.ജയചന്ദ്രനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
സര്‍ജറിക്കു മുമ്പും ശേഷവും ചികിത്സാ കാര്യങ്ങളില്‍ ഇടപെട്ട കാര്‍ഡിയോളജി വിഭാഗം ചീഫ് ഡോ.ശിവപ്രസാദ്, മെഡിസിന്‍ വിഭാഗം H.O.D. ഡോ.അരുണ റെസ്പിരേറ്ററി വിഭാഗത്തിലെ യൂണിറ്റ് ചീഫ്മാരായ ഡോ.ജയപ്രകാശ്, ഡോ.റൊണാള്‍ഡ്, ഗ്യാസ്‌ട്രോ വിഭാഗം തലവന്‍ ഡോ.കൃഷ്ണദാസ്, ന്യൂറോളജി വിഭാഗത്തിന്റെ ചീഫ് ഡോ.തോമസ് ഐപ്പ്, എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ ചീഫ് ഡോ.ജബ്ബാര്‍ എന്നിവരോടും യൂറോളജി യൂണിറ്റ് ചീഫ്മാരായ ഡോ.സാജു, ഡോ.മാധവന്‍ എന്നിവരോടും അവരോടെല്ലാം ഒപ്പം പ്രവര്‍ത്തിക്കുന്ന റെസിഡന്റ് ഡോക്ടര്‍മാരോടും എനിക്കുള്ള നന്ദി അറിയിക്കുന്നതിന് അതിയായ സന്തോഷമുണ്ട്.
അതീവ ജാഗ്രതയോടെ കൃത്യനിര്‍വ്വഹണം നടത്തിയ നേഴ്‌സുമാരായ സഹോദരിമാരുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതായിട്ടുണ്ട്. അതേരീതിയില്‍ത്തന്നെയാണ് മറ്റാരോഗ്യപ്രവര്‍ത്തകരുടെയും.
ചികിത്സാകാലത്ത് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കെ.എച്ച്.ആര്‍.ഡബ്ലു.എസ്. മുറിയിലാണ് കഴിഞ്ഞത്. അവിടെ വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടുചെയ്ത കെ.എച്ച്.ആര്‍.ഡബ്ലു.എസ്. എം.ഡി. സുധീര്‍ ബാബു ഐ.എ.എസ്സിനോടും മറ്റ് സ്റ്റാഫിനോടുമുള്ള കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
എ.സി.ആര്‍.ലാബിന്റെ ഡയറക്ടറോടും സഹപ്രവര്‍ത്തകരോടുമുള്ള നന്ദി അറിയിക്കുന്നു.
മെഡിക്കല്‍ കോളേജിലെ ചികിത്സക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പാട് ചെയ്ത സൂപ്രണ്ട് ഡോ.നിസാറുദ്ദീനോടും സര്‍ജറിക്കു മുന്നോടിയായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ ബഹു.ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനോടും എനിക്കുള്ള കൃതജ്ഞത ഇതോടൊപ്പം രേഖപ്പെടുത്തുന്നു.
മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ താല്‍പര്യമനുസരിച്ച് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചുതന്ന ക്യാന്റീന്‍ നടത്തിപ്പുകാരായ സഹോദരങ്ങളെ തികഞ്ഞ സംതൃപ്തിയോടെ ഓര്‍ക്കുന്നു. ക്യാന്റീന്‍ നടത്തിപ്പുകാരനായ സജീവ് അദ്ദേഹത്തിന്റെ പ്രധാന സഹായി അനു ഉള്‍പ്പെടെയുള്ള എല്ലാവരോടുമുള്ള സ്‌നേഹവും മതിപ്പും ഇതോടെ അറിയിക്കുന്നു.
സഹോദര നിര്‍വിശേഷമായ സ്‌നേഹത്തോടെ ആവശ്യമായ എല്ലാ സഹായങ്ങളും യഥാസമയം നല്‍കിയ കുമാരപുരം രാജേഷിനെ ഒരിക്കലും മറക്കാനാകില്ല.
ഒരു ജേഷ്ഠസഹോദരന്റെ സ്ഥാനത്തുനിന്നുകൊണ്ട് തനിക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കിയ നമ്മുടെ നേതാവ് എ.കെ.ആന്റണിയോടുളള കടപ്പാട് ഇവിടെ കുറിക്കട്ടെ.
എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അതാതു സമയത്ത് അന്വേഷിച്ചിരുന്ന നേതാക്കളോടും സഹപ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടുമുള്ള നിസ്സീമമായ കൃതജ്ഞത സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.