'കോവിഡാനന്തരം എനിക്കും ഈ അവസ്ഥ വന്നുപെട്ടു; പൂർവസ്ഥിതിയിലാകാൻ കഴിയുമെന്നാണ് പ്രതീക്ഷ'
text_fieldsകോഴിക്കോട്: കോവിഡിന് ശേഷം പലരും നേരിടുന്ന വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കോവിഡിൽ നിന്ന് മുക്തി നേടിയതിന് പിന്നാലെ തനിക്കും പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇതേത്തുടർന്ന് മൂന്നാഴ്ചത്തെ ചികിത്സ കഴിഞ്ഞ് ഇന്നലെയാണ് വീട്ടിലെത്തിയതെന്നും വി.എം. സുധീരൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വി.എം. സുധീരന്‍റെ കുറിപ്പ് വായിക്കാം...
കോവിഡ് ബാധിച്ചവർ നെഗറ്റീവായാലും പൊതുവിൽ അവരെ അലട്ടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങൾ പിന്നീട് ഉണ്ടാകുന്നുണ്ട്. പലർക്കും പല രീതിയിലാണത്. കടുത്ത ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ചുമ, ഉറക്കമില്ലായ്മ, വിശപ്പില്ലാത്ത സ്ഥിതി, ശാരീരിക വേദന, എന്നിങ്ങനെ പല വിധത്തിൽ. ഇങ്ങനെയുള്ളവർക്ക് പരിപൂർണ്ണ വിശ്രമവും ബന്ധപ്പെട്ട ചികിത്സയും അനിവാര്യമാണ്.
എന്നാൽ ഇത്തരം അവസ്ഥകൾ ബാധിക്കാത്ത ചിലർ ഉണ്ടാവാം.
കോവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വിദഗ്ധരുടെയും സമൂഹത്തിലെ സർവ തലത്തിലുള്ളവരുടെയും കൂടുതൽ ശ്രദ്ധയും അനുബന്ധ നടപടികളും ഇനിയും ഏറെ സംഘടിതമായ തോതിൽ ഉണ്ടാകേണ്ടതായിട്ടുണ്ട്.
കോവിഡാനന്തരം എനിക്കും ഈ അവസ്ഥ വന്നുപെട്ടു. തുടർന്ന് മൂന്നാഴ്ച ശാന്തിഗിരിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെയാണ് വീട്ടിലെത്തിയത്. ഇനിയും കുറച്ചു നാൾ കൂടി കരുതലോടു കൂടിയ വിശ്രമം വേണ്ടിവരും. അതോടെ പൂർവസ്ഥിതിയിലാകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.