പാതയോരത്തെ മദ്യശാലവിധി അട്ടിമറിക്കൽ: മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ വക്കീൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ മുന്‍ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന് വക്കീൽ നോട്ടീസ് അയച്ചു. പാതകളുടെ പദവി മാറ്റി കോടതിവിധി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ചിലരുമായി ഗൂഢാലോചന നടത്തി ലൈസന്‍സ് പുതുക്കാന്‍ ഹൈകോടതിയില്‍നിന്ന് വിധി സമ്പാദിച്ചത് സംശയകരമാണെന്നും കാളീശ്വരം രാജ് വഴി അയച്ച നോട്ടീസിൽ സുധീരന് ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ സർക്കാർ ഹൈകോടതിയില്‍ നല്കാത്തതിനാൽ ബാറുടമകൾ അനുകൂലവിധി നേടിയെടുക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു. സുപ്രീം കോടതി വിധിയുടെ അന്തസ്സത്ത പാലിക്കുന്നതിന് പകരം ദേശീയ-സംസ്ഥാന പാതകളുടെ പദവി സര്‍ക്കാര്‍ തോന്നുംപടി മാറ്റിമറിച്ചിരിക്കുകയാണ്.
ഹൈകോടതിയില്‍ ബാറുടമകളുടെ തെറ്റായ വാദം സര്‍ക്കാറും അംഗീകരിക്കുകയായിരുന്നു. പാതകള്‍ സംബന്ധിച്ച് എക്സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തെറ്റായ വിശദീകരണങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്. എറണാകുളം, കോഴിക്കോട്, കോട്ടയം ഉള്‍പ്പെടെ ജില്ലകളിൽ ഈ സാഹചര്യം ഉടലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ സംസ്ഥാന പാതയോരെത്ത പല ഹോട്ടലിനും ലൈസന്‍സ് പുതുക്കി ലഭിച്ചു. പല ജില്ലയിലും ദേശീയപാതകളുടെ ഭാഗങ്ങളെ അത്തരത്തിൽ പരിഗണിക്കാന്‍ തയാറാകുന്നില്ല.
ചില ബാറുടമകള്‍ക്ക് സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള നിരന്തര ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോടതിവിധി ശരിയായ അർഥത്തില്‍ നടപ്പാക്കാത്ത സർക്കാർ രീതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണം. വിധി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്നും സുധീരന് ഹരജിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.