പിണറായി സര്‍ക്കാരിന്റെ മദ്യനയം വന്‍ ജനവഞ്ചനയെന്ന് വി.എം.സുധീരന്‍
text_fieldsതിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മദ്യനയം ആവിഷ്‌കരിച്ചതുതന്നെ ജനവഞ്ചനയിലൂടെയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ നടന്ന കള്ളക്കളികള്‍ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ. അന്വേഷണം തന്നെയാണ് അനിവാര്യമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയാറാക്കിയതും അതു മുന്നോട്ടുകൊണ്ടുപോകുന്നതും.
മദ്യം കേരളത്തില്‍ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നുമായിരുന്നു മാനിഫെസ്റ്റോയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. ഇതിന്റെ തുടര്‍ച്ചയായി മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് ഇടതുമുന്നണി നേതാക്കളും സര്‍ക്കാര്‍ വക്താക്കളും ആവര്‍ത്തിക്കാറുമുണ്ട്. ഇങ്ങനെയെല്ലാം പറഞ്ഞവരാണ് മദ്യശാലകള്‍ വ്യാപകമാക്കിയതും ആ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നതും. ഇതിലൂടെ മാപ്പര്‍ഹിക്കാത്ത ജനവഞ്ചനയാണ് ഇടതുമുന്നണിസര്‍ക്കാര്‍ നടത്തിവരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകള്‍ മാത്രമായിരുന്നു. അതിപ്പോള്‍ 920 നുമേല്‍ കവിഞ്ഞിരിക്കുന്നു. ബെവ്‌കോയുടെയും കണ്‍സ്യുമര്‍ഫെഡിന്റെയും 306 ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെയാണിത്. മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളത് മദ്യ ലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയാണെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിര്‍ദ്ദേശങ്ങളെ പാടെ തള്ളികളഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ മദ്യവ്യാപനവും അതിന്റെ തുടര്‍ച്ചയും.
ഐ.ടി. മേഖലയില്‍ മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. അത് ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇപ്പോള്‍ നിലവിലുള്ള 'ഡ്രൈഡേ' പിന്‍വലിക്കാനുള്ള അജണ്ടയുമായിട്ടാണ് സര്‍ക്കാര്‍ വന്നിട്ടുള്ളത്. ഇതിന്റെ തയാറെടുപ്പിനുവേണ്ടി ചീഫ് സെക്രട്ടറി തലത്തിലുള്ള ചര്‍ച്ചയും അതിന്റെ തുടര്‍ച്ചയായി ടൂറിസം വകുപ്പ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബാറുടമകളുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബാറുടമകളുടെ സംഘടനായോഗവും അതിന്റെ ഭാഗമായിവന്ന കോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖാ റിപ്പോര്‍ട്ടുകളും.
ഈ പശ്ചാത്തലത്തിലാണ് മദ്യനയം സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചപോലും നടന്നിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ വന്നിട്ടുള്ളത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഇമ്മാതിരി പ്രസ്താവനകള്‍ നടത്തിയ ഈ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.