വെള്ളാപ്പള്ളിയെ വിമർശിച്ച് സുധീരൻ; ഡി. സുഗതൻ ഇറങ്ങിപ്പോയി
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടിെൻറ പേരിൽ കെ.പി.സി.സി മുൻ പ്ര സിഡൻറ് വി.എം. സുധീരനും മുൻ എം.എൽ.എയും ഡി.സി.സി മുൻ പ്രസിഡൻറുമായ ഡി. സുഗതനും തമ്മിൽ പരസ്യ വാഗ്വാദം. നവോത്ഥാന പ്രസ ്ഥാനമായ എസ്.എൻ.ഡി.പി യോഗത്തിൽ മഹാകവി കുമാരനാശാൻ, സി. കേശവൻ, ടി.കെ. മാധവൻ, ആർ. ശങ്കർ തുടങ്ങിയ മഹാപ്രതിഭകൾ അലങ്കരി ച്ച മഹത്തായ ജനറൽ സെക്രട്ടറി പദവിയിലിരുന്ന് നാഴികക്ക് നാൽപതുവട്ടം അഭിപ്രായം മാറ്റുന്ന വെള്ളാപ്പള്ളി നടേശൻ വിശ്വാസ്യത സ്വയം നശിപ്പിച്ചയാളാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.
യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മീഡിയ റൂം ഡി.സി.സി ഒാഫിസിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സുധീരൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വരുതിയിലാക്കി വെള്ളാപ്പള്ളി നേട്ടങ്ങൾ സമ്പാദിക്കുകയാണ്. സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിെല കണ്ണിയാണ് അച്ഛനും മകനുമെന്നും സുധീരൻ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ വൈകിയെത്തിയ മുൻ എം.എൽ.എയും ഡി.സി.സി മുൻ പ്രസിഡൻറുമായ ഡി. സുഗതൻ ‘‘ഇതിന് ഞാനെന്തിന് സാക്ഷിയാകണം’’ എന്നുപറഞ്ഞ് വേദി വിട്ടിറങ്ങി. തെരഞ്ഞെടുപ്പുവേളയിൽ സമുദായ നേതാവായ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയെ വിമർശിക്കുന്ന വേദിയിൽ താനിരിക്കേണ്ട ആവശ്യമില്ലെന്നും സുധീരെൻറ പ്രവൃത്തി ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ സുഗതൻ കുറ്റപ്പെടുത്തി. ഇൗ നേരം സുധീരൻ മീഡിയ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം സുഗതെൻറ പ്രതിഷേധത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പ്രതികരിച്ചു.
തുടർന്ന്, ഒാഡിറ്റോറിയത്തിൽ പ്രവർത്തക സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സുഗതനെ സുധീരൻ താക്കീതുചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തിലിരുന്ന് ബി.ജെ.പിയും സി.പി.എമ്മും അടക്കമുള്ള മറ്റുപ്രസ്ഥാനങ്ങളെ സഹായിക്കുന്ന യൂദാസുകളുണ്ടെന്ന് പറഞ്ഞ് സുഗതനെ നോക്കി അദ്ദേഹം പൊട്ടിത്തെറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.