മോൻസണും പൊലീസും തമ്മിലുള്ള വഴിവിട്ട ഇടപാട് ആഭ്യന്തര വകുപ്പ് അറിയാത്തത് ഗുരുതരവീഴ്ചയെന്ന് സുധീരൻ
text_fieldsതിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. സംസ്ഥാന പൊലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്. ഇക്കാര്യങ്ങൾ ആഭ്യന്തര വകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയും പരാജയവുമാണെന്നും കത്തിൽ സുധീരൻ ചൂണ്ടിക്കാട്ടുന്നു.
കത്തിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
വന്‍ തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്.
തന്നെയുമല്ല മോന്‍സണെതിരായ പ്രഥമവിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചു കൊണ്ടാണിത്. ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
മോന്‍സണ്‍ സംസ്ഥാനത്തിന് പുറത്ത് നടത്തിയ തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡി.ജി.പി. തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതരുള്‍പ്പടെ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങള്‍ മോന്‍സണ്‍ നിര്‍ബാധം തുടര്‍ന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്; പരാജയവുമാണ്. ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടു പോയതാണെങ്കില്‍ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്.
അതിനാല്‍ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് ഉചിതമല്ല. മോന്‍സണ്‍ ചെയ്ത സര്‍വ്വ കുറ്റകൃത്യങ്ങളും സി.ബി.ഐ. തന്നെ അന്വേഷിക്കണം. അതിനു വേണ്ട നടപടികളെല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നഭ്യർഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
വി.എം. സുധീരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.