കരിമണൽ ഖനന അഴിമതിയുടെ ധാർമിക ഉത്തര വാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: കരിമണൽ ഖനന അഴിമതിയുടെ ധാർമിക ഉത്തര വാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം .സുധീരൻ. പൊതുമേഖലെയെ മുൻ നിർത്തി സ്വകാര്യ കുത്തകകൾക്ക് കരിമണൽ വിറ്റ് കോടികൾ സമ്പാധിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത് കേരളം കണ്ട ഏറ്റവുംവലിയ അഴിമതിയാണെന്നും ഉന്നത ജുഡീഷ്യൽ സമിതിയുടെ നേതൃത്വത്തിൽ സി.ബി.ഐ അന്വേഷണം നടത്തിയാൽ മാത്രമേ മുഴുവൻ അഴിമതിയും പുറത്തുവരുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
2003 ൽ ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി ദുർബല പ്രദേശമായ ആലപ്പുഴയുടെ തീരത്തു നിന്നും പൊതുമേഖലയിലും സംയുക്ത മേഖലയിലും സ്വകാര്യ മേഖലയിലും ഖനനം പാടില്ല എന്ന നിലപാട് സ്വീകരിച്ച പിണറായി വിജയനാണ് ആലപ്പുഴയിലെ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും സി.എം.ആർ.എല്ലിന് മണ്ണ് എത്തിച്ച് നൽകുന്നത്. കുട്ടനാടിനെയും ദുരന്ത നിവാരണ അതോറിറ്റിയെയും മറയാക്കി നിയമ വിരുദ്ധമായി തീരത്ത് ഖനനം നടത്തുകയാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഫാദർ യൂജിൻ പെരേര, ഡോ. കെ.ജി താര, എൻ.എൻ പണിക്കർ, ആർ. കുമാർ, കെ.എ ഷെഫീഖ്, എം.ഷാജർ ഖാൻ , ജാക്സൺ പൊള്ളയിൽ, അഡ്വ.വി. എസ്.ഹരീന്ദ്രനാഥ്, പി.ടി ജോൺ, എസ്. സീതിലാൽ, നാസർ ആറാട്ടുപുഴ, ആർ. പാർത്ഥസാരഥി വർമ്മ, കെ.ജെ ഷീല , ടി.ആർ രാജി മോൾ , ഷിബു പ്രകാശ്, വി. അരവിന്ദാക്ഷൻ, ബി. ഭദ്രൻ, ആർ. അർജ്ജുനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.