അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണം –വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണമെന്നും കേരളീയ സമൂഹത്തിന് ലജ്ജാകരമാണിതെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവർത്തകരെ ഒരു വിഭാഗം അഭിഭാഷകർ അക്രമിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണം. അങ്ങേയറ്റം അപലപനീയമാണിത്. അഭിഭാഷക സമുഹമാകെ മോശക്കാരാണെന്ന് ആരും പറയില്ല. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകരുടെ നിരതന്നെ നമുക്കുണ്ട്. അഭിഭാഷക സമൂഹത്തിന് തന്നെ കളങ്കം വരുത്തിവെക്കുന്ന നിലയിലാണ് ചെറിയൊരു വിഭാഗം അഭിഭാഷകരുടെ പ്രവൃത്തിയെന്നും സുധീരൻ പറഞ്ഞു.
മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ ആദ്യഘട്ടത്തിൽ കേസെടുക്കുന്നതിന് പൊലീസ് വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേസെടുത്തത്. ഇരകൾക്കെതിരെ കേസെടുക്കുന്ന ഇൗ പ്രവണത ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. കേസ് നീട്ടിക്കൊണ്ടു പോകുന്നത് നിയമസംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സുധീരൻ പറഞ്ഞു.
വനിതാ മാധ്യമ പ്രവർത്തകരുടെ ചിത്രം സഹിതം ഉപയോഗിച്ചാണ് അവരെ അപമാനിച്ചത്. ഇൗ പ്രവണത ആദ്യമായിട്ടാണ് കാണുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും കേരളത്തിൽ ഇപ്പോഴും സംഘർഷം തുടരുന്നത് ആശങ്കാജനകമാണ്. ഇത്തരം പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കുക എന്നതാണ് അഭികാമ്യം. ഗവർണർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.