പി.എം വിശ്വകർമയെ എതിർക്കുന്നത് തൊഴിലില്ലായ്മ മാറരുത് എന്ന് ആഗ്രഹിക്കുന്നവരെന്ന് വി. മുരളീധരൻ
text_fieldsആറ്റിങ്ങൽ: ജാതിവാദം ഉയർത്തി പി.എം വിശ്വകർമ പദ്ധതിയെ എതിർക്കുന്നവർക്ക് ദുഷ്ടലാക്ക് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങലിൽ തമിഴ് വിശ്വകർമ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതം സ്വാശ്രയമാവരുത് എന്ന് ആഗ്രഹിക്കുന്നവരാണ് പദ്ധതിയെ എതിർക്കുന്നത്.
കരകൗശലവിദഗ്ധരെയും കൈത്തൊഴിലുകാരെയും സാമ്പത്തികമായി പിന്തുണക്കുക മാത്രമല്ല, നൂറ്റാണ്ടുകളുടെ പാരമ്പര്യം സംരക്ഷിക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം. സനാതന പാരമ്പര്യത്തെ തുടച്ചുനീക്കണമെന്ന് പറയുന്നവർ തന്നെയാണ് വിശ്വകർമ യോജനയിൽ ജാതിവാദം ഉയർത്തുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ജാതിവാദം ഉയർത്തുന്ന കക്ഷികൾ ഭരിക്കുന്ന സംസ്ഥാനത്ത് ഇപ്പോളും അയിത്തവും തൊഴിലില്ലായ്മയും കാണാം.പട്ടികജാതി വനിതയെ രണ്ടുവർഷം പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതിരുന്നവരാണ് വിശ്വകർമ യോജനയിൽ ജാതിവാദം പറയുന്നത് എന്നും മന്ത്രി വിമർശിച്ചു.
ലോകത്തെവിടെയും നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യമുണ്ട്. നൈപുണ്യവികസനത്തിന് വലിയ പ്രാധാന്യം നൽകിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഭാരതമണ്ണിന്റെ അഭിവൃദ്ധിക്ക് അടിത്തറ പാകിയവരാണ് വിശ്വകർമജർ എന്നും കേന്ദ്രം അവർക്ക് ഒപ്പം ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.