കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗം തിരികെ നൽകുമെന്ന് വി.എന്‍ വാസവന്‍
text_fieldsകൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ബാങ്കിലെ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂരിലെ ക്രമക്കേട് പുറത്തുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കര്‍ശന നപടികളാണ് സ്വീകരിച്ചത്. അതിന്റെ ഭാഗമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് അന്വേഷണവും ഒമ്പതംഗ സംഘത്തിന്റെ പ്രത്യേക അന്വേഷണവും ആരംഭിച്ചു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് 184.6 കോടി രൂപ മൂല്യം വരുന്ന 162 ആധാരങ്ങളും മറ്റ് രേഖകളും ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ തിരിച്ചടവ് സ്വീകരിക്കാനുള്ള പ്രശ്നം നിലനില്‍ക്കുന്നു. ഈ രേഖകള്‍ തിരികെ ലഭിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കും.
നേരത്തെ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം നിക്ഷേപകര്‍ക്ക് ഏകദേശം 73 കോടി രൂപ തിരികെ നല്‍കി. ബാക്കിയുള്ള തുക കഴിയുന്നതും വേഗത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കും. പുതുക്കിയ പാക്കേജ് വഴി 50.75 കോടി രൂപ സമാഹരിച്ച് നിക്ഷേപകര്‍ക്ക് അടിയന്തരമായി ലഭ്യമാക്കും.
കേരള ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയും കണ്‍സ്യൂമര്‍ ഫെഡ് / സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കേണ്ടതും സംഘങ്ങളില്‍ നിന്ന് നിലവിലെ അനുമതി അനുസരിച്ച് ഇനിയും സംഭരിക്കാം. ഫണ്ട് ബോര്‍ഡില്‍ നിന്ന് നിലവിലെ ഉത്തരവുപ്രകാരം ലഭിക്കാവുന്നതും പ്രാഥമിക സംഘങ്ങളില്‍ നിന്ന് പുതിയതായി സംഭരിക്കുന്നതുമായ തുകയും ചേര്‍ത്താണ് ഈ ഫണ്ട് സമാഹരിക്കുക. സ്ഥിര നിക്ഷേപകര്‍ക്കും സേവിംഗ്സ് നിക്ഷേപകര്‍ക്കുമായി ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കൈമാറും.
കരുവന്നൂര്‍ ബാങ്കിലെ പ്രശ്ന പരിഹാരത്തിനായി കേരള ബാങ്കില്‍ നിന്ന് പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കും. ആര്‍ബിറ്ററേഷന്‍ റിക്കവറി നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സഹകരണ മേഖലയെ മോശമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നടക്കുന്നുണ്ട്. ഈ ശ്രമങ്ങളൊന്നും വിലപ്പോകില്ല. അത്രക്ക് അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നിയ പ്രവര്‍ത്തനമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. ഈ മേഖലയുടെ നിലനില്‍പ് നാടിന്റെ ആവശ്യമാണ്. സഹകരണ രംഗത്തെ കുറ്റമറ്റമാക്കാനുള്ള വിപുലമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. സഹകരണ സംരക്ഷണ നിധി നടപ്പിലാക്കുന്നത് വഴി പ്രതിസന്ധിയിലായ എല്ലാ ബാങ്കുകളെയും സംരക്ഷിക്കാന്‍ കഴിയും. സമഗ്ര സഹകരണ നിയമ ഭേദഗതിയിലൂടെ പൂര്‍ണ സുതാര്യത ഉറപ്പാക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഗൗസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടി മിനി ആന്റണി, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജന്‍, കേരള ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി സഹദേവന്‍, മറ്റ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കരുവന്നൂര്‍ ബാങ്ക് അഡ്മിനിട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.