ആശ വർക്കർമാർ നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സി.ഐ.ടി.യു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്
text_fieldsആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റ് സമരത്തിന് ആശമാർ പോകരുതെന്ന ഭീഷണിയുമായി സി.ഐ.ടി.യുവിന്‍റെ ശബ്ദസന്ദേശം. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11ന് നടത്തുന്ന സമരത്തിനെതിരെയാണ് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ആശ പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പിലെ ഭീഷണി.
17 വർഷമായി ആശ പ്രവർത്തകർക്ക് എല്ലാം നേടിത്തന്നത് സി.ഐ.ടി.യു യൂനിയനാണ്. അതിനാൽ സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂനിയനിൽനിന്ന് രാജിവെച്ച് പോകണം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. മാധ്യമങ്ങൾ ചോദിച്ചാൽ ഒന്നും പറയരുത്, ആശമാരെ വിളിച്ചാൽ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണം, സ്ഥലത്തില്ലെന്ന് പറഞ്ഞേക്കണമെന്നും ശബ്ദസന്ദേശത്തിൽ നിർദേശമുണ്ട്.
വാട്ട്സ്ആപ് ശബ്ദസന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ‘‘സി.ഐ.ടി.യു മെംബർഷിപ്പിൽ ചേർന്നുനിൽക്കുന്ന ഒരുകുഞ്ഞുപോലും 27ന് നടക്കുന്ന സമരത്തിൽ പോകരുത്. ഈ യൂനിയനിൽ പ്രവർത്തിക്കുന്നില്ലെന്ന് കൃത്യമായി പറഞ്ഞിട്ട് പോകുന്നവർക്ക് പോകാം. 17 വർഷമായി യൂനിയൻ എന്തെല്ലാം പ്രശ്നത്തിലാണ് ഇടപെട്ടത്.
അവിടെയൊന്നും ഒരുകുഞ്ഞുങ്ങളെയും കണ്ടില്ല. ഡി.പി.എമ്മിനോടും മെഡിക്കൽ ഓഫിസർമാരോടും പഞ്ചായത്ത് മെംബറോടും പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. അതെല്ലാം ചെയ്തുതന്നത് സി.ഐ.ടി.യു എന്ന പ്രസ്ഥാനമാണ്. ഇപ്പം പൊട്ടിപ്പുറപ്പെട്ട യൂനിയൻ എന്താണെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നും എല്ലാവർക്കുമറിയാം’’.
അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. വലിയ തോതിൽ ബഹുജന പിന്തുണ സമരത്തിന് ലഭിക്കുണ്ട്. ഡോ.കെ.പി. കണ്ണനെപ്പോലുള്ളവർ സർക്കാരിനെതിരെ ഉയർത്തിയ ചോദ്യത്തിന് മറുപടിയില്ല. സർക്കാർ പിരിച്ചെടുക്കാനുള്ള 9,000 കോടി രൂപ പിരിച്ചെടുത്ത് ആശാ പ്രവർത്തകർക്ക് 21,000 രൂപ ശമ്പളം നൽകണമെന്നാണ് കെ.പി. കണ്ണൻ ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.